13 ജലവെെദ്യുത നിലയങ്ങൾക്ക് കേടുപാട്; ഇന്ത്യയിലേക്കുള്ള വെെദ്യുതിവിതരണം പകുതിയാക്കി കുറച്ച് നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയം ഇന്ത്യയുടെ ഊർജ മേഖലയ്ക്ക് വലിയ ഭീഷണിയാകുന്നു. പ്രളയത്തെ തുടർന്നുണ്ടായ കനത്ത നാശനഷ്ടങ്ങൾ കാരണം പ്രധാന ഉപഭോക്താവായ ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം നേപ്പാൾ പകുതിയായി വെട്ടിച്ചുരുക്കിയതായി നേപ്പാൾ ഊർജ മന്ത്രാലയം അറിയിച്ചു. മുൻപ് പ്രതിദിനം ശരാശരി 800 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാൾ ഇന്ത്യയ്ക്ക് കൈമാറിയിരുന്നത്. നിലവിൽ ഇത് 400 മെഗാവാട്ടായി കുറച്ചിരിക്കുകയാണ്.
നേപ്പാൾ ഊർജ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, പ്രളയത്തിൽ രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങൾക്കും ഒരു സോളാർ പ്ലാന്റിനും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് ഏകദേശം 359 മെഗാവാട്ട് ഉൽപാദന ശേഷിയെയാണ് നേരിട്ട് ബാധിച്ചത്. ഇന്ത്യയിലേക്ക് വൈദ്യുതി നൽകുന്ന 14 മെഗാവാട്ട് ശേഷിയുള്ള ദേവീഘട്ട് ജലവൈദ്യുത പദ്ധതി ഭാഗികമായി തകർന്ന നിലയിലാണ്. രസുവ ജില്ലയിലെ അപ്പർ ത്രിശൂലി-1 (216 MW), രസുവാഗഢി (111 MW), ചിലിമേ (22 MW) തുടങ്ങിയ പ്രൊജക്റ്റുകളും നുവാകോട്ട് ജില്ലയിലെ അപ്പർ ത്രിശൂലി-3A (60 MW) ഉൾപ്പെടെയുള്ള വൈദ്യുതി പദ്ധതികളും തകരാറിലായിട്ടുണ്ട്. കൂടാതെ, ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന ചിലിമേ, ത്രിശൂലി എന്നീ പദ്ധതികളെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025/26) ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും വൈദ്യുതി കയറ്റുമതി ചെയ്തതിലൂടെ നേപ്പാൾ 29.32 ശതകോടി നേപ്പാളി രൂപയാണ് നേടിയത്. ഇത് നേപ്പാളിന്റെ എക്കാലത്തെയും ഉയർന്ന നേട്ടമാണെന്ന് ഊർജ-ജലവിഭവ മന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ അന്ന് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ആഭ്യന്തര വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രാലയം സ്മാർട്ട് മീറ്ററിങ് വ്യാപിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ അടിയന്തരമായി നവീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Content Highlights: Glacier collapse in the Himalayas triggered severe flash floods in Nepal., Electricity exports to India were halved from 800 MW to 400 MW., Death toll from the disaster has surpassed 359., 13 hydroelectric plants and 1 solar plant suffered severe damage., Key projects like Devighat, Chilime, and Trishuli were heavily impacted.