മിന്നൽ പ്രളയം, നേപ്പാളിന്റെ 12 ശതമാനത്തിലധികം വൈദ്യുത ഉത്പാദന ശേഷിയെയും തകർത്തു

കാഠ്മണ്ഡു: മിന്നൽ പ്രളയം ജീവഹാനി ഉണ്ടാക്കിയത് കൂടാതെ നേപ്പാളിലെ ജനജീവിതത്തെയും വൈദ്യുത മേഖലയെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ആകെ വൈദ്യുതി ഉത്പാദനശേഷിയുടെ പന്ത്രണ്ട് ശതമാനത്തിലധികം ഈ ദുരന്തം മൂലം തകർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ ഗ്രാമങ്ങളിൽ ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 170 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ത്യക്കാരടക്കം എണ്ണൂറോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. കെട്ടിടങ്ങളും പാലങ്ങളും അണക്കെട്ടുകളും തകർന്നു. ദുരന്തം നേപ്പാളിന്റെ ജലവൈദ്യുത മേഖലയെ കാര്യമായി ബാധിച്ചു. നാശനഷ്ടങ്ങൾ കാരണം ഏകദേശം 430 മെഗാവാട്ട് വൈദ്യുതി വിതരണത്തെ ഇത് ബാധിച്ചതായി നേപ്പാൾ ഊർജ മന്ത്രാലയം അറിയിച്ചു. കണക്കുകൾ പ്രകാരം, രാജ്യത്തെ ആകെ ജലവൈദ്യുത ഉൽപ്പാദന ശേഷിയുടെ 12 ശതമാനത്തിലധികമാണിത്. ജലവൈദ്യുത പദ്ധതികളാണ് നേപ്പാളിന്റെ പ്രധാന ആശ്രയം. ഈ നഷ്ടം നേപ്പാളിന് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കിയേക്കാം.
ഭോട്ടെകോശി, ത്രിശൂലി, നാര എന്നീ നദികൾക്ക് സമീപം താമസിക്കുന്നവരോട് നദീതീരങ്ങളിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Flash floods in Nepal caused by heavy rains near the Tibetan border., At least 170 bodies recovered and around 800 people missing, including Indian nationals., Power generation dropped by 430 megawatts, wiping out over 12% of Nepal's total capacity., Authorities issued evacuation warnings for residents near Bhote Koshi, Trishuli, and Nara rivers.