ചൈനയുടെ ഭീഷണി വകവെക്കാതെ നാന്സി പെലോസി തായ്വാനില്; ചൈന യുദ്ധവിമാനം അയച്ചെന്ന് റിപ്പോർട്ട്

ബെയ്ജിങ്: ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്ക്കിടയില്, യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര് നാന്സി പെലോസി തായ്വാനിലെത്തിയതായി റിപ്പോര്ട്ടുകള്. ഏഷ്യന് രാജ്യങ്ങളില് സന്ദര്ശനം നടത്തുന്ന നാന്സി പെലോസിയുമായി അമേരിക്കന് വിമാനം തായ്വാനില് ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
തായ്വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് തായ്വാന് സന്ദര്ശനമെന്ന് പെലോസി പറഞ്ഞു. തായ്വാന് നേതൃത്വവുമായുള്ള ഞങ്ങളുടെ ചര്ച്ചകള്, അവര്ക്കുള്ള പിന്തുണ ഉറപ്പാക്കുന്നതും സ്വതന്ത്ര ഇന്തോ-പസഫിക് മേഖലയുടെയടക്കം താല്പര്യങ്ങള് പ്രോത്സാഹിപ്പിക്കുന്നതുമാണ്. സ്വേച്ഛാധിപത്യമോ ജനാധിപത്യമോ എന്ന തിരഞ്ഞെടുപ്പിനെ ലോകം അഭിമുഖീകരിക്കുന്ന ഘട്ടത്തില് തായ്വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്ഢ്യം എന്നത്തേക്കാളും പ്രധാനമാണെന്നും അവര് പറഞ്ഞു.
നാന്സി പെലോസിയുടെ തായ്വാന് സന്ദര്ശനത്തിന് അമേരിക്ക വലിയ വില നല്കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്കിയിരുന്നു. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്പര്യങ്ങള്ക്ക് തുരങ്കംവെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വിലനല്കുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞിരുന്നു.
സിങ്കപുര്, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്ശനത്തിന് ശേഷമാണ് നാന്സി പെലോസി തായ്വാനിലെത്തിയത്. 25 വര്ഷത്തിനിടെ തായ്വാന് സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി. ഇതിനിടെ ചൈനീസ് യുദ്ധവിമാനങ്ങള് തായ്വാന് വ്യോമാതിര്ത്തിയില് പ്രവേശിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്വാനില് യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര് സന്ദര്ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ തായ്വാന് സന്ദര്ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡര് ഷാങ് ഹുന് പറഞ്ഞിരുന്നു. തായ്വാനില് അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ് മുന്നറിയിപ്പ് നല്കിയിരുന്നു.
എന്നാല്, പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദര്ശിക്കാന് അവകാശമുണ്ടെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. യുഎസിന്റെ ദീര്ഘകാല നയങ്ങള് പ്രകാരമുള്ള ഇത്തരമൊരു സന്ദര്ശനത്തെ ഒരു സംഘര്ഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നാണ് വൈറ്റ് ഹൗസ് നാഷണല് സെക്യൂരിറ്റി കൗണ്സില് വക്താവ് ജോണ് കിര്ബി പ്രതികരിച്ചത്.
Content Highlights: Nancy Pelosi's Flight Lands In Taiwan