എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല,സ്വന്തം കാര്യത്തിൽ ശ്രദ്ധിക്കൂ;ഫോട്ടോ വിവാദത്തിൽ ട്രംപിനോട് മെലോണി

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AP | ജോർജിയ മെലോണി | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AP | ജോർജിയ മെലോണി | Photo: AFP

റോം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്‌പോര് കൂടുതൽ രൂക്ഷമാകുന്നു. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ 'യാചിച്ചു' എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് മെലോണി നൽകിയ ഏറ്റവും പുതിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

ട്രംപിന്റെ പരാമർശങ്ങൾ 'അർത്ഥശൂന്യവും' പ്രകോപനപരവുമാണെന്ന് വിശേഷിപ്പിച്ച മെലോണി അദ്ദേഹത്തിന്റെ അവകാശവാദത്തെ ശക്തമായി തള്ളിക്കളഞ്ഞു. ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ശനിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് മെലോണി നേരിട്ട് മറുപടി നൽകിയത്. ഒരു തവണ മാത്രമേ താൻ പ്രതികരിക്കൂ എന്നും തർക്കം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

'പാശ്ചാത്യ രാജ്യങ്ങളുടെ ഐക്യത്തിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, എന്നാൽ ഇത് നമ്മുടെ ചുമതലയ്ക്ക് യോജിച്ച ഒരു വിഷയമായി എനിക്ക് തോന്നുന്നില്ല.' അവർ എഴുതി. സഖ്യകക്ഷികൾ തമ്മിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അനാവശ്യമാണെന്നും അത് ഗുണകരമല്ലെന്നും അവർ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

അമേരിക്കൻ നയങ്ങളോടുള്ള നിലപാട് കാരണം മെലോണിയുടെ ജനപ്രീതി ഇടിയുകയാണെന്ന ട്രംപിന്റെ ആരോപണത്തെ 'എന്റെ ജനപ്രീതി ഇറ്റലിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു' എന്നുപറഞ്ഞാണ് മെലോണി നിരാകരിച്ചത്. 'എന്റെ ജനപ്രീതിയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ സുഹൃത്തായത് തീർച്ചയായും അതിന് സഹായിച്ചിട്ടില്ല.' അവർ വ്യക്തമാക്കി.

'എന്റെ ജനപ്രീതി ഇറ്റലിയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള എന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു, അത് തന്നെയാണ് ഞാൻ എപ്പോഴും ചെയ്തിട്ടുള്ളതും.' തന്റെ രാഷ്ട്രീയ നിലയെക്കുറിച്ച് ട്രംപ് അഭിപ്രായം പറയേണ്ടതില്ലെന്നും മെലോണി തുറന്നടിച്ചു. 'എന്തായാലും, എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല. നിങ്ങൾ നിങ്ങളുടെ ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്.' മെലോണി കൂട്ടിച്ചേർത്തു.

ഇറ്റാലിയൻ ചാനലായ La7-ന് നൽകിയ അഭിമുഖത്തിൽ മെലോണി ഫോട്ടോയ്ക്കായി തന്റെ മുന്നിൽ 'യാചിച്ചു' എന്നും സഹതാപം തോന്നിയതുകൊണ്ടാണ് താൻ സമ്മതിച്ചത് എന്നും ട്രംപ് പറഞ്ഞതോടെയാണ് ഇരുനേതാക്കളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായത്. മെലോണി ജി7 ഉച്ചകോടിക്കിടെ ഫോട്ടോയ്ക്കായി ആവർത്തിച്ച് ആവശ്യപ്പെട്ടുവെന്നും അവരുടെ ജനപ്രീതി കുറയുകയാണെന്നും ട്രംപ് ആരോപിച്ചു.

ഇറാനുമായുള്ള ആണവ വിഷയത്തിലും സൈനിക വിമാനത്താവളങ്ങൾ വിട്ടുനൽകുന്നതിലും ഇറ്റലി കാണിച്ച വിയോജിപ്പാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാൻ ഉൾപ്പെടെയുള്ള പ്രധാന നയപരമായ വിഷയങ്ങളിൽ മെലോണി യുഎസിൽ നിന്ന് അകലം പാലിച്ചുവെന്നും സൈനിക സഹകരണത്തിൽ വിമുഖത കാട്ടിയെന്നും അഭിമുഖത്തിൽ ട്രംപ് വിമർശിച്ചിരുന്നു.

യുഎസ് വിമാനങ്ങൾക്കായി റൺവേകൾ വിട്ടുനൽകിയില്ലെന്നും അത് വലിയ ലോജിസ്റ്റിക് അസൗകര്യമുണ്ടാക്കിയെന്നും ട്രംപ് ആരോപിച്ചു. ഇതിന് മറുപടിയായി, ഇറ്റലിയിലെ യുഎസ് സൈനിക താവളങ്ങളുടെ ഉപയോഗം കൃത്യമായ കരാറുകൾക്ക് വിധേയമാണെന്നും രാജ്യം ഒരു പരമാധികാര രാഷ്ട്രമായി തുടരുന്നുവെന്നുമായിരുന്നു മെലോണിയുടെ മറുപടി.

ഫോട്ടോയ്‌ക്കെന്നല്ല ഒന്നിനുവേണ്ടിയും താനും ഇറ്റലിയും ഒരിക്കലും ആരുടെയും മുന്നിൽ യാചിക്കില്ലെന്ന് മെലോണി നേരത്തേതന്നെ ശക്തമായി തിരിച്ചടിച്ചിരുന്നു. 'ഞാനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ല' എന്ന് പറഞ്ഞുകൊണ്ടാണ് മെലോണി ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിയത്. ട്രംപിന്റെ പെരുമാറ്റത്തിൽ അവർ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: Meloni rejects Trump's claims of 'begging' for a photo at the G7 Summit. The Italian PM emphasizes that her popularity is tied to defending Italy's national interests. Meloni defends Italy's sovereignty regarding the use of US military bases. Both leaders clash over policy stances, including Iran and NATO cooperation.