ഹാന്റ വൈറസ് ബാധ: വിനോദസഞ്ചാര കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്നു; അതീവ സുരക്ഷയിൽ കാനറി ദ്വീപുകൾ

ടെനറൈഫ് (സ്പെയിൻ): ഹാൻറാവൈറസ് ബാധയെത്തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങിയ 'എംവി ഹോണ്ടിയസ്' ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചുതുടങ്ങി. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലർച്ചെ 6:30-ഓടെയാണ് കപ്പൽ നങ്കൂരമിട്ടത്.
സ്പെയിനിൽനിന്നുള്ള യാത്രക്കാരെയാണ് ആദ്യം കപ്പലിൽനിന്ന് ഇറക്കിയത്. നെതർലൻഡ്‌സ്, ജർമ്മനി, ബെൽജിയം, അയർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ അവരുടെ നാട്ടിലേക്ക് എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ തയ്യാറായിട്ടുണ്ട്. അമേരിക്കയിൽനിന്നുള്ള യാത്രക്കാരെ നെബ്രാസ്കയിലെ മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിൽവെക്കുമെന്നും സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രക്കാർക്ക് പ്രാദേശിക ജനതയുമായി സമ്പർക്കം ഉണ്ടാകാത്ത രീതിയിൽ ചെറിയ ബോട്ടുകളിലാണ് കപ്പലിൽനിന്ന് കരയിലേക്ക് എത്തിക്കുന്നത്. അവിടെനിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ എത്തിക്കും. കപ്പലിലെ ലഗേജുകൾ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, ചാർജർ, രേഖകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മാത്രമേ കൂടെ കരുതാൻ അനുവാദമുള്ളൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ ഒഴിപ്പിച്ചശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും.
കപ്പലിലെ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ കപ്പലിലുള്ള 140-ലധികം യാത്രക്കാരിലും ജീവനക്കാരിലും ആർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒന്നുമുതൽ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാൽ ഒഴിപ്പിക്കപ്പെട്ട യാത്രക്കാരെ നിശ്ചിത കാലയളവിൽ നിരീക്ഷണത്തിലാക്കാനാണ് വിവിധ രാജ്യങ്ങളുടെ തീരുമാനം.
എലികളുടെ വിസർജ്യങ്ങളുമായോ അവ കലർന്ന പൊടിയുമായോ സമ്പർക്കമുണ്ടാകുമ്പോഴാണ് സാധാരണയായി ഹാൻറാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ശ്വാസകോശ സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ രോഗം ചിലപ്പോൾ മരണകാരണമാകാറുമുണ്ട്. ഏപ്രിൽ ഒന്നിന് അർജൻറീനയിൽനിന്ന് യാത്ര തുടങ്ങിയ നെതർലൻഡ്‌സ് സ്വദേശികളായ ദമ്പതികൾക്കാണ് ആദ്യം രോഗം ബാധിച്ചത്. ഇരുവരും പിന്നീട് മരിച്ചിരുന്നു.
Content Highlights: Emergency evacuation of MV Hondius in Tenerife due to Hantavirus., Three confirmed deaths and five active cases reported by WHO., Strict isolation protocols for passengers returning to Netherlands, Germany, Belgium, Ireland, and the US., Ship to undergo professional sanitization in the Netherlands after evacuation., Hantavirus transmission details via rodent droppings and incubation periods.