ഖമനേയി കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബ രക്ഷപ്പെട്ടത് ഏതാനും സെക്കൻഡുകൾക്ക്, ഓഡിയോരേഖ പുറത്ത്

#ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും നടത്തിയ മിന്നലാക്രമണത്തിൽ പിന്നീട് ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനേയി രക്ഷപ്പെട്ടത് സെക്കൻഡുകളുടെ ഇടവേളയിലെന്ന് റിപ്പോർട്ട്. ഖമനേയിയുടെ താമസസമുച്ചയത്തിൽ നിന്ന് മുജ്തബ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മിസൈൽ ആക്രമണം നടന്നതെന്നും ഏതാനും സെക്കൻഡുകൾക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

മുൻ പരമോന്നതനേതാവും മുജ്തബയുടെ പിതാവുമായ ആയത്തുള്ള അലി ഖമനേയി, നിരവധി ഉന്നത ഉദ്യോഗസ്ഥർ, ബന്ധുക്കൾ എന്നിവർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർക്കിടയിൽ നടന്ന ഒരു യോഗത്തിൻ്റെ ഓഡിയോരേഖ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്. ഈ ഓഡിയോരേഖ അവിചാരിതമായി ചോർന്നതാണെന്നാണ് വിവരം. മിസൈലുകൾ വളപ്പിൽ പതിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അദ്ദേഹം തോട്ടത്തിലേക്ക് ഇറങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.

"മുജ്തബയ്ക്ക് എന്തോ ആവശ്യത്തിനായി പുറത്ത് മുറ്റത്തേക്ക് പോകേണ്ടി വന്നതും പിന്നീട് തിരികെ വരണമെന്നതും ദൈവഹിതമായിരുന്നു," ഖമനേയിയുടെ ഓഫീസിലെ പ്രോട്ടോക്കോൾ മേധാവി മസഹർ ഹുസൈനി സ്വകാര്യ യോഗത്തിൽ ഇറാനിയൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. "അദ്ദേഹം പുറത്തായിരുന്നു, അപ്പോഴാണ് കെട്ടിടത്തിൽ മിസൈൽ പതിച്ചത്," ഹുസൈനി കൂട്ടിച്ചേർത്തു.

മുജ്‌തബ കെട്ടിടം വിട്ട് അധികം വൈകാതെ ഇസ്രയേലിൻ്റെ ബാലിസ്റ്റിക് മിസൈലുകൾ വളപ്പിൽ പതിച്ചുവെന്നും, അലി ഖമനേയി ഉൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും ബന്ധുക്കളും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഡിയോരേഖ അനുസരിച്ച് ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് മിസൈലുകൾ ഉപയോഗിച്ചിട്ടുണ്ട്.. ഒരു മിസൈൽ അലി ഖമനേയി ഉണ്ടായിരുന്ന ഭാഗത്തും മറ്റൊന്ന് മുകളിലെ നിലയിലുള്ള വസതിയിലും പതിച്ചതായി റിപ്പോർട്ട് പറയുന്നു. ഹുസൈനി പറയുന്നതനുസരിച്ച്,മുജ്തബയ്ക്ക് കാലിൽ ഒരു ചെറിയ മുറിവേൽക്കുക മാത്രമാണുണ്ടായത്.

ഓഡിയോയിൽ ആക്രമണത്തിൻ്റെ വിനാശകരമായ ഫലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. ഇറാൻ സൈനിക മേധാവി മുഹമ്മദ് ഷിറാസി ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ശരീരം ചിന്നിച്ചിതറിയതായും മിസൈൽ മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഹുസൈനി വിശദീകരിച്ചതായും റിപ്പോർട്ടുണ്ട്.

മുജ്‌തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. സംഘർഷം ആരംഭിച്ചതിനുശേഷം പുതിയ പരമോന്നത നേതാവിനെ പൊതുവിടത്തിൽ കണ്ടിട്ടില്ല. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്ത അദ്ദേഹത്തിൻ്റെ ഏക സന്ദേശം രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു, ഇത് മുജ്തബയുടെ പരിക്കുകളുടെ വ്യാപ്തിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

Content Highlights: Mojtaba Khamenei narrowly escaped an alleged missile strike on his residence., Reports claim Ali Khamenei and other high-ranking officials were killed in the attack., Leaked audio from an Iranian official confirms the details of the strike., Questions remain regarding Mojtaba's health and current public absence.