‘യഥാർഥ ശത്രുവിനെ തിരിച്ചറിയണം’; യുഎസിനും ഇസ്രയേലിനുമെതിരേ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കണമെന്ന് മൊജ്തബ

#ന്യൂസ് ഡെസ്ക്
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി | Photo: AP/PTI
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി | Photo: AP/PTI

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മേഖലയിലെ മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ഞായറാഴ്ച പുറത്തിറക്കിയ എഴുതി തയ്യാറാക്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇസ്‌ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പരസ്പരമുള്ള ഐക്യവും സൗഹൃദവും നന്മയുടെ പാതയിലുള്ള സഹകരണവുമാണ് ആവശ്യമെന്ന് അദ്ദേഹം സന്ദേശത്തിൽ പറ‍‍ഞ്ഞു. മുസ്ലിം സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന രീതിയിൽ ബോധപൂർവമോ അല്ലാതെയോ ആര് പ്രവർത്തിച്ചാലും അത് ഇസ്ലാമിന്റെ ശത്രുക്കളുടെ താല്പര്യങ്ങൾക്കാണ് വഴിയൊരുക്കുകയെന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

യഥാർത്ഥ ശത്രുവിനെ തിരിച്ചറിയാനും അവരുടെ പദ്ധതി മനസ്സിലാക്കി അവരെ നേരിടാനും മേഖലയിലെ രാജ്യങ്ങളുടെ ഭരണാധികാരികളോട് പരമോന്നത നേതാവ് ആവശ്യപ്പെട്ടു. യുഎസിനെയും ഇസ്രായേലിനെയും ഉദ്ദേശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കാൻ ഇറാനിലെ ഉദ്യോഗസ്ഥരോടും പൗരന്മാരോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്ക, ഇസ്രയേൽ-ഇറാൻ യുദ്ധവേളയിൽ സൗദി അറേബ്യ, യു.എ.ഇ. ജോർദാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഈ രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധം വഷളാവുകയും ചെയ്തിരുന്നു.

പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് അധികാരം ഏറ്റെടുത്ത ശേഷം മൊജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അധികൃതർ അദ്ദേഹത്തിന്റെ ഓഡിയോയോ വീഡിയോയോ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

Content Highlights: Iran's Supreme Leader Mojtaba Khamenei has issued a written message calling for regional Muslim unity against the US and Israel six months into the Middle East conflict, emphasizing solidarity and the identification of true adversaries.