മുജ്തബയ്ക്ക് സഹായവുമായി പുതിൻ, സൈനിക വിമാനമയച്ചു, മോസ്‌കോയിൽ ചികിത്സയിലെന്നും റിപ്പോർട്ട്

#ന്യൂസ് ഡെസ്‌ക്
മുജ്തബ ഖമനേയി, പുതിൻ| Photo: AFP, AP
മുജ്തബ ഖമനേയി, പുതിൻ| Photo: AFP, AP

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റഷ്യയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. റഷ്യയുടെ സംരക്ഷണയിൽ ചികിത്സ നൽകാമെന്ന് വാഗ്ദാനം ചെയ്ത പുതിൻ പ്രത്യേക സൈനിക വിമാനത്തിൽ മുജ്തബയെ മോസ്‌കോയിലേക്ക് കൊണ്ടുപോയെന്ന് കുവൈത്ത് ആസ്ഥാനമായുള്ള അൽ ജരിദ പത്രം റിപ്പോർട്ട് ചെയ്തു.

ഒഴിപ്പിക്കൽ അതീവ രഹസ്യമായി നടത്തിയെന്നും പരമോന്നത നേതാവുമായി അടുപ്പമുള്ള ഉയർന്ന ഉദ്യോഗസ്ഥനിൽ നിന്നാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് അൽ-ജരീദ അവകാശപ്പെട്ടു. എന്നാൽ റഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയും ഭരണസിരാകേന്ദ്രവുമായ ക്രെംലിനിൽ നടന്ന വാർത്താ സമ്മേളനത്തിൽ, റഷ്യൻ നയതന്ത്രജ്ഞൻ ദിമിത്രി പെസ്കോവ് ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചില്ല. മുജ്തബ ജീവനോടെയില്ല എന്നുള്ള അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ അത് വാസ്തവവിരുദ്ധമാണെന്ന്  രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ അറിയിച്ചു. പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആശയവിനിമയം ഉൾപ്പെടെ അതീവ നിയന്ത്രണത്തിലാണെന്നും സൂചനയുണ്ട്.

മുജ്തബ ഖമനേയിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇപ്പോൾ ഐആർജിസിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. മുജ്തബയുടെ സന്ദേശങ്ങൾ പുറംലോകത്തെത്തിക്കുന്നത് ഐആർജിസി ഉദ്യോഗസ്ഥരാണെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ മുജ്തബ ജീവനോടെയില്ല എന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. മുജ്തബയുടെ ആരോഗ്യ നിലയെക്കുറിച്ച് യുഎസ് പലപ്പോഴായി പ്രസ്താവന നടത്തിയിട്ടുണ്ട്. ആദ്യം ഗുരുതരമായി പരിക്കേറ്റ് ശരീരത്തിന്റെ രൂപം തന്നെ മാറിപ്പോയെന്ന് വരെ യുഎസ് ആരോപിച്ചിരുന്നു.

യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മകനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. അലി ഖമനേയിക്ക് പിന്നാലെ മുജ്തബയെ പരമോന്നത നേതാവായി ഇറാൻ അവരോധിച്ചിരുന്നു. എന്നാൽ സ്ഥാനാരോഹണത്തിന് ശേഷം ഇദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നിരുന്നില്ല. പകരം എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് പുറത്തുവന്നത്. ഇതോടെ മുജ്തബ ജീവനോടെയില്ല എന്നുള്ള അഭ്യൂഹങ്ങളുയർന്നിരുന്നു.

Content Highlights: Mojtaba Khamenei reportedly moved to Moscow for medical care., Vladimir Putin facilitated transport via a special military aircraft., Conflicting reports exist regarding his health and survival status., IRGC currently controls all communication from the supreme leader.