എന്റെ സുഹൃത്ത് മോദി എത്തുന്നു, തീവ്രവാദത്തിനെതിരെ ഞങ്ങൾ സഖ്യമുണ്ടാക്കും - നെതന്യാഹു

ജെറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ സന്തോഷം പങ്കുവെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫെബ്രുവരി 25-ന് ഇസ്രയേലിൽ എത്തുന്ന പ്രധാനമന്ത്രി മോദി രണ്ടുദിവസം അവിടെ ചെലവഴിക്കും. ഈ ദിവസങ്ങളിൽ സാമ്പത്തിക സഹകരണം, നയതന്ത്ര സഹകരണം, സുരക്ഷാ സഹകരണം എന്നിവ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്ന് നെതന്യാഹു പറഞ്ഞു.
മധ്യേഷ്യയിലെ തീവ്രവാദ സംഘടനകൾക്കെതിരെ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സർക്കാർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ പരാമർശം.
'ബുധനാഴ്ച എന്റെ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിൽ എത്തും. എന്റെ കണ്ണുകൾക്ക് മുന്നിൽ കാണാവുന്ന തരത്തിൽ, മധ്യേഷ്യയ്ക്ക് ചുറ്റിലോ അതിനുള്ളിലോ സമ്പൂർണ സഖ്യത്തിലൂന്നിയ ഒരു സംവിധാനം ഞങ്ങൾ രൂപീകരിക്കും. യാഥാർഥ്യത്തെയും വെല്ലുവിളികളെയും ലക്ഷ്യങ്ങളെയും ഒരുപോലെ കാണുന്ന, തീവ്രവാദത്തിനെതിരെ നിലകൊള്ളുന്ന രാജ്യങ്ങളുടെ ഒരു അച്ചുതണ്ടാവും അത്.' അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഇസ്രയേലും ഇന്ത്യയും വളർത്തിയെടുത്തെ സവിശേഷ ബന്ധത്തെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി അടുപ്പമുള്ള സുഹൃത്തെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഞാൻ ഇന്ത്യ സന്ദർശിച്ചു, മോദി ഇവിടേയ്ക്ക് വന്നു. ഞങ്ങൾ മെഡിറ്ററേനിയനിൽ നീന്തിക്കയറി. ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോൾ നല്ല ബന്ധമാണ് നിലനിൽക്കുന്നത്.' അദ്ദേഹം പറഞ്ഞു.
മോദിയുടെ സന്ദർശനം ഉയർന്ന സാങ്കേതികവിദ്യ, എഐ, ക്വാണ്ടം പ്രക്രിയകൾ എന്നിവയിലെ സഹകരണത്തോടൊപ്പം സാമ്പത്തിക, നയതന്ത്ര, സുരക്ഷാ സഹകരണവും വർധിപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഈ സഖ്യത്തിൽ ഇന്ത്യ, ഗ്രീസ്, സൈപ്രസ്, കൂടാതെ പേര് വെളിപ്പെടുത്താത്ത അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നു. 'തീവ്രവാദ അച്ചുതണ്ടുകൾക്ക് വിപരീതമായി യാഥാർഥ്യത്തെയും വെല്ലുവിളികളെയും ലക്ഷ്യങ്ങളെയും ഒരുപോലെ കാണുന്ന രാജ്യങ്ങളുടെ ഒരു അച്ചുതണ്ട് സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ നമ്മൾ ലക്ഷ്യമിടുന്നത്.' അദ്ദേഹം പറഞ്ഞു.
' നമ്മൾ സഖ്യമുണ്ടാക്കാൻ പോകുന്ന രാജ്യങ്ങളെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നവരാണ്. പക്ഷേ, നമ്മൾ തമ്മിലുള്ള സഹകരണത്തിന് വളരെ വലിയ ഫലങ്ങൾ നൽകാനാവും. തീർച്ചയായും അതിന് നമ്മുടെ ശക്തിയും ഭാവിയും ഉറപ്പാക്കാനും കഴിയും.' അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിനായി ഫെബ്രുവരി 25-നാണ് പ്രധാനമന്ത്രി മോദി ഡൽഹിയിൽനിന്ന് പുറപ്പെടുന്നത്. ടെൽ അവീവുമായുള്ള തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സന്ദർശനം. ഇരുപക്ഷവും സുരക്ഷാ സഹകരണത്തിൽ ധാരണാപത്രത്തിൽ ഒപ്പിടാനും സാധ്യതയുണ്ട്.
മിഷൻ സുദർശന്റെ ഭാഗമായി നൂതനമായ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. ദീർഘദൂര മിസൈൽ ഭീഷണികളിൽ നിന്ന് ഇന്ത്യൻ ഭൂപ്രദേശത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ലെയേഡ് മിസൈൽ പ്രതിരോധത്തിലെ ഇസ്രയേലിന്റെ വൈദഗ്ദ്ധ്യമാണ് ഇന്ത്യയെ അവരുമായി കൈകോർക്കാൻ പ്രേരിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, നൂതന ലേസർ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങളും മറ്റ് ഉയർന്ന കൃത്യതയുള്ള സ്റ്റാൻഡ്-ഓഫ് ആയുധങ്ങളും ഉൾപ്പെടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നൽകാൻ ഇസ്രയേൽ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിരോധത്തിനപ്പുറം, ശാസ്ത്ര-സാങ്കേതികവിദ്യ, കൃഷി, ജലം, ക്വാണ്ടം കമ്പ്യൂട്ടിങ് പോലെയുള്ള വളർന്നുവരുന്ന മേഖലകളിലെ സഹകരണവും വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Netanyahu sees PM Modi`s Israel visit as key to forming alliances against Middle East radical groups, boosting economic, diplomatic, and security ties.