ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച നടത്തി; പരസ്പര വിശ്വാസത്തില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് മോദി

നരേന്ദ്ര മോദി, ഷി ജിൻപിങ് | Photo: PTI
നരേന്ദ്ര മോദി, ഷി ജിൻപിങ് | Photo: PTI

ബെയ്ജിങ്: ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സി‌ഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉഭയകക്ഷി ചർച്ച നടത്തി.

കഴിഞ്ഞ വർഷം കസാനിൽ വെച്ച് നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികൾക്കിടയിൽ ഒരു ധാരണയിലെത്തിയിട്ടുണ്ട്. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിക്കുകയാണ്. ഇന്ത്യ-ചൈന സഹകരണം ഇരു രാജ്യങ്ങളിലെ 280 കോടി ജനങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് സമ്മർദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കൻ സമ്മർദ്ദത്തെ നേരിടാൻ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നിൽക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച. ട്രംപിന്റെ താരിഫ്-ഉപരോധ ഭീഷണികള്‍ നേരിടുന്ന മൂവരും ഒരുമിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ലഡാക്ക് സംഘർഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനം. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. 

രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തിയത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനിൽ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം കസാനിൽനടന്ന എസ്സിഒ ഉച്ചകോടിക്കിടെ ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തിൽ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായും മോദി കൂടിക്കാഴ്ച നടത്തും.

Content Highlights: PM Modi & Xi Jinping meet at SCO Summit amid US tariff tensions