ഗൗതം അദാനി വിഷയം വ്യക്തിപരം, ട്രംപുമായി ചര്‍ച്ചചെയ്തില്ല- പ്രധാനമന്ത്രി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് സര്‍ക്കാര്‍ ഉന്നയിച്ച കോഴ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൗതം അദാനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. രണ്ട് രാജ്യങ്ങളിലെ രണ്ട് നേതാക്കള്‍ അത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ ഒന്നുംതന്നെ ചര്‍ച്ചചെയ്യില്ല, മോദി പറഞ്ഞു.
ട്രംപ്-മോദി കൂടിക്കാഴ്ചക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അദാനി വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശങ്ങളൊന്നുംതന്നെ നടത്തിയില്ല. ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം തയ്യാറാക്കിയത്.
ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടിരുന്നു.
Content Highlights: Modi said he did not discussed about allegations against Adani with Trump