'ബോസ് ഓഫ് ബോസസ്'; മെക്സിക്കൻ മയക്കുമരുന്ന് രാജാവ് മിഗ്വൽ ഗല്ലാർഡോ അന്തരിച്ചു

#ന്യൂസ് ഡെസ്ക്
മിഗ്വൽ ആഞ്ചൽ ഫെലിക്സ് ഗല്ലാർഡോ | Photo: AFP
മിഗ്വൽ ആഞ്ചൽ ഫെലിക്സ് ഗല്ലാർഡോ | Photo: AFP

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കുപ്രസിദ്ധമായ ഗ്വാദലാഹാര കാർട്ടലിന്റെ സ്ഥാപകൻ 'ബോസ് ഓഫ് ബോസസ്' എന്നറിയപ്പെടുന്ന മിഗ്വൽ ആഞ്ചൽ ഫെലിക്സ് ഗല്ലാർഡോ (80) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗ്വാദലാഹാരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടർന്ന് ജയിലിൽനിന്ന് രണ്ടുദിവസം മുമ്പാണ് ഇയാളെ ഗ്വാദലാഹാരയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ജലിസ്കോ സംസ്ഥാന സുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

യു.എസ്. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഏജന്റ് എൻട്രിക് "കിക്കി" കമാരയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 1989 മുതൽ ഇയാൾ തടവിൽ കഴിയുകയായിരുന്നു. 1980-കളിൽ മെക്സിക്കോയിലെ മയക്കുമരുന്ന് കടത്തിന് നേതൃത്വംനൽകിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഫെലിക്സ് ഗല്ലാർഡോ.

വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങളെ തുടർന്ന് ഇയാളുടെ ആരോഗ്യനില വർഷങ്ങളായി മോശമായിരുന്നു. കാഴ്ചശക്തിയും കേൾവിയും നഷ്ടപ്പെട്ട നിലയിലായിരുന്നു ഇയാൾ ജയിൽവാസവും വീട്ടുതടങ്കലുമായി കഴിഞ്ഞിരുന്നത്.

മെക്സിക്കോയുടെ പടിഞ്ഞാറുള്ള ജാലിസ്കോയിലെ ഗ്വാദഹാര എന്ന സ്ഥലം 1970-കളിലാണ് കുപ്രസിദ്ധമായത്. സിനലോവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഹെറോയിൻ, കഞ്ചാവ് ഉത്പാദകരെ സർക്കാർ ശക്തമായി അടിച്ചമർത്തിയതോടുകൂടി പുതിയ ഒരിടം തേടാൻ മയക്കുമരുന്ന് വ്യാപാരികൾ നിർബന്ധിതരായി. ഈ അന്വേഷണം എത്തിച്ചേർന്നത് ഗ്വാദലഹാരയിലായിരുന്നു.

1980-കളോടെ ഒരു ഡസനോളം മയക്കുമരുന്ന് സംഘങ്ങൾ ഈ പ്രദേശത്ത് പ്രവർത്തനം തുടങ്ങി. മിഗുവൽ ഏഞ്ചൽ ഫെലിക്സ് ഗല്ലാർഡോ, റാഫേൽ കാരോ ക്വിന്റേറോ, ഏണസ്റ്റോ ഫോൺസെക്ക കാരില്ലോ എന്നിവരടങ്ങിയ സംഘമായിരുന്നു ഏറ്റവും കരുത്തർ. ഗ്വാദലഹാരയിലും മെക്സിക്കോയുടെ പല ഭാഗങ്ങളിലുമായി ചിതറിക്കിടന്ന മയക്കുമരുന്ന് വ്യാപാരത്തെ ഒറ്റ കാർട്ടലാക്കി മാറ്റിയത് ഗല്ലാർഡോയുടെ നേതൃത്വത്തിലായിരുന്നു.

Content Highlights: Guadalajara Cartel founder Miguel Angel Felix Gallardo died at age 80., He passed away due to multiple organ failure at a private hospital in Guadalajara., He had been imprisoned since 1989 for the murder of DEA agent Enrique Kiki Camarena., He was suffering from multiple age-related illnesses including loss of vision and hearing.