'എപ്‌സ്റ്റീനുമായി സൗഹൃദമില്ല': മെലാനിയയുടെ മുൻകൂർ ജാമ്യം എന്തിന്?

#ന്യൂസ് ഡെസ്ക്
ട്രംപ്, മെലാനിയ ട്രംപ്| Photo Credit: Getty Images via AFP
ട്രംപ്, മെലാനിയ ട്രംപ്| Photo Credit: Getty Images via AFP

വാഷിങ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ അപ്രതീക്ഷിത പ്രസ്താവന. ആരും പ്രതീക്ഷിക്കാത്ത സമയത്ത് വൈറ്റ് ഹൗസിൽ നിന്നുവന്ന ഈ വെളിപ്പെടുത്തൽ നിമിഷനേരം കൊണ്ട് ശ്രദ്ധാകേന്ദ്രമാവുകയും ഇറാൻ യുദ്ധവാർത്തകളെപ്പോലും മാറ്റിമറിക്കുകയും ചെയ്തു.

താൻ എപ്‌സ്റ്റീന്റെ ഒരു ഇരയല്ലെന്നും അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഗിസ്ലൈൻ മാക്സ്വെല്ലുമായി ഒരിക്കലും സൗഹൃദം പുലർത്തിയിരുന്നില്ലെന്നും മെലാനിയ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. എപ്‌സ്റ്റീന്റെ വിവാദപരമായ വിമാനത്തിലോ സ്വകാര്യ ദ്വീപിലോ താൻ ഒരിക്കലും പോയിട്ടില്ലെന്ന് അവർ പ്രത്യേകം ഓർമ്മിപ്പിച്ചു. തന്റെ ഭർത്താവ് ഡൊണാൾഡ് ട്രംപിനെ പരിചയപ്പെടുത്തിയത് എപ്‌സ്റ്റീൻ ആണെന്ന വാദങ്ങൾ നിഷേധിച്ച അവർ, താൻ യാദൃശ്ചികമായാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും പറഞ്ഞു.

മെലാനിയയുടെ ഈ പ്രസ്താവന മാധ്യമങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്, കാരണം അടുത്ത കാലത്തൊന്നും അവരും എപ്‌സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ ആരോപണങ്ങളൊന്നും ഉയർന്നിരുന്നില്ല. മെലാനിയ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്താൻ പോകുന്നുവെന്ന വിവരം ഭർത്താവായ ഡൊണാൾഡ് ട്രംപിന് പോലും അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ട്.

ഉടൻ പുറത്തുവരാനിരിക്കുന്ന വലിയൊരു മാധ്യമ വാർത്തയെ തടയാനുള്ള ഒരു മുൻകൂർ ജാമ്യം എടുക്കലാണോ മെലാനിയയുടെ ഈ നീക്കമെന്ന് പലരും സംശയിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പുതിയ ആരോപണങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ താൻ നിരപരാധിയാണെന്ന് ലോകത്തിന് മുന്നിൽ സ്ഥാപിക്കാനാണോ അവർ ശ്രമിച്ചതെന്ന് ഫോക്സ് ന്യൂസ് പ്രതിനിധി ജാക്വി ഹെൻറിച്ച് ഉൾപ്പെടെയുള്ളവർ ചോദിക്കുന്നു. മെലാനിയയുടെ ഈ അപ്രതീക്ഷിത നീക്കം എപ്‌സ്റ്റീൻ വിഷയം വീണ്ടും വാർത്താചക്രത്തിലേക്ക് കൊണ്ടുവരുന്നതിന് കാരണമായിട്ടുണ്ട്.

നിലവിൽ തടവിൽ കഴിയുന്ന ഗിസ്ലൈൻ മാക്സ്വെല്ലിന് മെലാനിയയെക്കുറിച്ച് എന്തെങ്കിലും നിർണ്ണായക വിവരങ്ങൾ അറിയാമായിരിക്കുമെന്നും, തന്റെ വിടുതലിനായി അവർ ഇത് ആയുധമാക്കാൻ ശ്രമിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. എപ്‌സ്റ്റീന്റെ ഫയലുകളിൽ നിന്ന് മുൻപ് പുറത്തുവന്ന വിവരങ്ങൾ പലതും ട്രംപിന് തലവേദനയായിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത വെളിപ്പെടുത്തൽ തനിക്കെതിരെ ആകുമോ എന്ന ഭയമാണോ മെലാനിയയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും സംശയമുണ്ട്.

Content Highlights: Melania Trump issues a rare statement denying any ties to Jeffrey Epstein