മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തില്‍ ആക്രമണം; 2 മരണം, അക്രമിയെ വെടിവെച്ചുകൊന്നു; സംഭവം ജൂതരുടെ പുണ്യദിനത്തില്‍

Photo: AFP
Photo: AFP

മാഞ്ചെസ്റ്റര്‍: ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരില്‍ മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിൽ (സിനഗോഗ്) ഉണ്ടായ ആക്രമണത്തില്‍ രണ്ടു മരണം. ജൂതദേവാലയത്തിനു പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി ആളുകളെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റാണ് രണ്ടു പേര്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. അക്രമിയെ മാഞ്ചെസ്റ്റര്‍ പോലീസ് വെടിവെച്ചുകൊന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.

മാഞ്ചെസ്റ്ററില്‍ ജൂതന്മാര്‍ കൂടുതലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ രണ്ട് വര്‍ഷമായി നടക്കുന്ന യുദ്ധത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂത സമൂഹത്തില്‍ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സമയത്താണ് മാഞ്ചെസ്റ്ററിലെ ഈ ആക്രമണം.

ആക്രമണം നടന്ന സമയത്ത് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു സഭയുടെ ജൂത ദേവാലയത്തില്‍ ആരാധനയ്ക്കായി ധാരാളം ആളുകളെത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണം ഭയപ്പെടുത്തുന്നതാണെന്നും ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരില്‍ തന്നെ ഇത്തരമൊരു ആക്രമണം നടന്നുവെന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Tragic attack on a Manchester synagogue during Yom Kippur, Judaism`s holiest day. An assailant drove a car into people and used a knife, killing two. The attacker was shot dead by police. Three injured