രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് ഇ ബേയിലൂടെ വില്‍ക്കാന്‍ ശ്രമിച്ച് അകത്തായി

സഹോദരന്റെ ഹാംഷെയറിലെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്ക് വില്യംസ് എന്ന ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു ബോംബ് കണ്ടെത്തിയത്. പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കണ്ടെത്തിയതിന്റെ ആഹ്ലാദത്തില്‍ മാര്‍ക്ക് അത് വില്‍ക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ വിപണിയായ ഇ ബേയില്‍ അയാളത് പരസ്യപ്പെടുത്തി. ആ ബോംബ് നിര്‍വീര്യമാക്കപ്പെട്ടതാണോ അല്ലയോ എന്ന കാര്യം മാര്‍ക്കിന് നിശ്ചയമുണ്ടായിരുന്നില്ല. ഒരു പക്ഷെ പൊട്ടിത്തെറിക്കുകയാണെങ്കില്‍ നിരവധി കെട്ടിടങ്ങളെ നശിപ്പിക്കാന്‍ തക്ക ശേഷിയുള്ളതാണ് ആ ബോംബ്.
തിങ്കളാഴ്ച ഇ ബേയിലെ പരസ്യം ശ്രദ്ധയില്‍ പെട്ട റാല്‍ഫ് ഷെര്‍വിന്‍ എന്ന സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് മാര്‍ക്കിനെ ബന്ധപ്പെട്ടു. ബോംബ് നിര്‍വീര്യമാക്കപ്പെട്ടിട്ടുണ്ടോയെന്ന് റാല്‍ഫ് മാര്‍ക്കിനോട് തിരക്കി. ബോംബ് സൂക്ഷിക്കുന്നത് അപകടമാണെന്നുള്ള റാല്‍ഫിന്റെ ഉപദേശം ചെവിക്കൊള്ളാനും മാര്‍ക്ക് തയ്യാറായിരുന്നില്ല. മാര്‍ക്കില്‍ നിന്ന് തുടര്‍ന്ന് സന്ദേശമൊന്നും ലഭിച്ചുമില്ല. ബോംബ് ആള്‍പ്പാര്‍പ്പുള്ള സ്ഥലത്ത് കുഴിച്ചിട്ടിരിക്കുകയാണെന്നുമുള്ള മാര്‍ക്കിന്റെ മറുപടി മുന്‍നിര്‍ത്തി റാല്‍ഫ് പോലീസിനെ വിവരമറിയിച്ചു.
ഇ-ബേയുമായി ബന്ധപ്പെട്ട് മാര്‍ക്കിന്റെ വിലാസം കണ്ടെത്തി. തുടര്‍ന്ന് അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ നിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ച ശേഷം പോലീസ് ബോംബ് കണ്ടെടുത്തു. അഗ്നിരക്ഷാസേനയും സ്‌ഫോടകവസ്തു വിദഗ്ധരും പോലീസിന്റെ സഹായത്തിനെത്തിയിരുന്നു. ബോംബ് സുരക്ഷിതമായി നിര്‍വീര്യമാക്കുന്നതിനായി പോലീസ് കൊണ്ടു പോയി. അമ്പത്തൊന്നുകാരനായ മാര്‍ക്കിനെ സ്‌ഫോടകവസ്തു കൈവശം വെച്ചതിന് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.
ഇ-ബേയില്‍ അപകടകരമായ വസ്തുക്കളോ ആയുധങ്ങളോ വില്‍ക്കുന്നത് അനുവദനീയമല്ലെന്ന് ഇ ബേ വക്താവ് അറിയിച്ചു. വിവരം അറിഞ്ഞ ഉടനെ തന്നെ മാര്‍ക്കിന്റെ വിലാസം പോലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാംഷെയറില്‍ സമാനമായ മറ്റൊരു സംഭവം ഇതിന് ഒരാഴ്ച മുമ്പ നടന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വീടിന്റെ പിന്‍ഭാഗത്തുള്ള പറമ്പില്‍ കണ്ടെത്തിയ ഗ്രനേഡുകള്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ സ്‌ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിയുകയുണ്ടായി.
Content Highlights: Man tries to sell live World War II bomb on eBay
Content Highlights: