85 കോടി ആസ്തി, താമസം സിംഗിൾ ബെഡ്‌റൂം ഫ്‌ളാറ്റിൽ; മംദാനിയുടെ 'സോഷ്യലിസം' ചർച്ചയാവുന്നു

സൊഹറാൻ മംമ്ദാനി| Photo: AFP
സൊഹറാൻ മംമ്ദാനി| Photo: AFP

ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വളരെ പെട്ടെന്നാണ് സെഹ്‌റാൻ മംദാനി എന്ന പേര് ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തൊട്ടുപിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിരൂക്ഷമായ ഭാഷയിൽ ചീത്ത വിളിച്ചതോടെ മംദാനി ഒറ്റദിവസംകൊണ്ട് പ്രശസ്തനുമായി. സോഷ്യലിസ്റ്റ് നിലപാടുകളിൽ ഊന്നിനിന്നുകൊണ്ടുള്ള മംദാനിയുടെ വാക്കുകൾ ലോകം ശ്രദ്ധയോടെ കേട്ടു. എന്നാൽ, അമ്മ മീര നായരുടെ സ്വത്തിനെക്കുറിച്ചുള്ള വാർത്തകൾ മംദാനിയെ വിവാദപുരുഷനുമാക്കി. 

മംദാനിയുടെ മാതാപിതാക്കളുടെ ആസ്തി 10 മില്യൺ ഡോളറോളം വരുമെന്ന്‌ കണക്കാക്കുന്നു. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ വിമർശകർ ഉന്നംവെക്കുന്നതും. സോഷ്യലിസ്റ്റായി നടിക്കുന്ന മംദാനി യഥാർത്ഥത്തിൽ വലിയ കാപ്പിറ്റലിസ്റ്റ് ആണെന്നാണ് വിമർശനം.  ഇത് അദ്ദേഹത്തിന്റെ തൊഴിലാളിവർഗ്ഗ പ്രതിച്ഛായയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. 

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമായ മീര നായർക്ക് 2008 മുതൽ 2019 വരെ മാൻഹട്ടനിലെ വെസ്റ്റ് ചെൽസിയിൽ ഒരു ആഡംബര ലോഫ്റ്റ് സ്വന്തമായി ഉണ്ടായിരുന്നു. ഇത് 1.375 മില്യൺ ഡോളറിന് വാങ്ങുകയും 1.45 മില്യൺ ഡോളറിന് വിൽക്കുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ റെഡ്ഫിൻ പറയുന്നതനുസരിച്ച്, ഇതിന്റെ ഇപ്പോഴത്തെ കണക്കാക്കിയ മൂല്യം 1.9 മില്യൺ ഡോളറാണ്. 

12 അടി ഉയരമുള്ള സീലിങ്ങുകൾ, ഏറ്റവും ആധുനികമായ അടുക്കള, സ്പാ മോഡൽ അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നിവയടങ്ങുന്നതാണ് ലോഫ്റ്റ്.  2024-ലെ ന്യൂയോർക്ക് നിയമസഭാ എത്തിക്‌സ് കമ്മീഷന്റെ വെളിപ്പെടുത്തൽ അനുസരിച്ച്, മംദാനിക്ക് ഉഗാണ്ടയിൽ നാല് ഏക്കർ സ്ഥലം സ്വന്തമായുണ്ട്. 2012-ൽ സ്വന്തമാക്കിയ ഇതിന് 150,000-250,000 ഡോളർ മൂല്യമുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി വാദിക്കുന്ന മംദാനിയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ഇതെല്ലാം എന്നാണ് വിമർശനം.

ക്വീൻസിലെ ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന (വാടക പ്രതിമാസം 2,500 ഡോളർ) മംദാനിയുടെ സ്വത്തുവിവരം ഇതിനോടു യോജിക്കുന്നില്ലെന്നാണ് പരാതി. വിമർശകർ അദ്ദേഹത്തെ 'നെപോ ബേബി' എന്ന് മുദ്രകുത്തിയിട്ടുമുണ്ട്. 

ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം, സാംസ്‌കാരികമായി പ്രമുഖരായ കുടുംബം എന്നിവ മൂലം പ്രത്യേകം പരിഗണന ലഭിച്ച ബാല്യമായിരുന്നു മംദാനിയുടേത്. ഇതൊന്നും അദ്ദേഹത്തിന്റെ തൊഴിലാളി വർഗ ആഭിമുഖ്യത്തോട് യോജിക്കുന്നില്ല. മംദാനിയുടെ സോഷ്യലിസം യഥാർത്ഥ പ്രതിബദ്ധതയാണോ അതോ തന്ത്രപരമായ രാഷ്ട്രീയ നിലപാടാണോ എന്നതിനെക്കുറിച്ച് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.

പുതിയ മേയറെ തിരഞ്ഞെടുക്കാൻ ഇനി നാല് മാസം മാത്രം ശേഷിക്കെ ന്യൂയോർക്ക് സിറ്റിയിലെ തിരഞ്ഞെടുപ്പ് മത്സരം കടുക്കുകയാണ്.

Content Highlights: Zohran Mamdani faces backlash over mother Mira Nair's $2-million house, socialism