‘അർഹതപ്പെട്ട മറ്റാർക്കെങ്കിലും നൽകൂ’; പാകിസ്താൻ വ്ളോഗറുടെ സമ്മാനം നിരസിച്ച് മലയാളി, വീഡിയോ വൈറൽ

#മാതൃഭൂമി ന്യൂസ്‌
Photo: Screengrab/ MBI News
Photo: Screengrab/ MBI News

ഷാർജ: പാകിസ്താൻ വ്‌ളോഗർ നൽകിയ സൗജന്യ സമ്മാനം നിരസിച്ച മലയാളി യുവാവിന്റെ വീഡിയോ വൈറൽ. ഷാർജയിൽ ജോലിചെയ്യുന്ന പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി ജിനീഷ് എന്ന യുവാവാണ് പാകിസ്താനി വ്‌ളോഗർ നൽകിയ സമ്മാനം നിരസിച്ചതിലൂടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 4-ലുള്ള 'ഫസ്റ്റ് ഗിയർ' എന്ന വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലിചെയ്തുവരികയാണ് ജിനീഷ്.

പാകിസ്താനി വ്‌ളോഗറും സഞ്ചാരിയുമായ അംജദ് അലി യാദൃശ്ചികമായാണ് ജിനീഷിനെ കാണുന്നത്. അദ്ദേഹം ജിനീഷിന് സൗജന്യമായി ഭക്ഷണസാധനങ്ങൾ അടങ്ങിയ ഒരു വലിയ ബോക്‌സ് സമ്മാനമായി നൽകാൻ തയ്യാറായി. എന്നാൽ, തന്റെ കൈവശം നിലവിൽ ഭക്ഷണമുണ്ടെന്നും അതിനാൽ ഈ സമ്മാനം അത്യാവശ്യമുള്ള, അല്ലെങ്കിൽ അർഹതപ്പെട്ട മറ്റാർക്കെങ്കിലും നൽകണമെന്നും പറഞ്ഞ് ജിനീഷ് അത് സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.

നമുക്ക് അർഹതപ്പെട്ടത് മാത്രം സ്വീകരിച്ചാൽ മതി എന്ന ബോധ്യമാണ് തന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്ന് ജിനീഷ് വ്യക്തമാക്കുന്നു. താൻ പണിയെടുക്കുന്നത് ഭക്ഷണത്തിന് വേണ്ടിയാണെന്നും  തന്റെ കയ്യിൽ അതിനുള്ള വകയുള്ളപ്പോൾ അത് ഇല്ലാത്തവരിലേക്ക് എത്തട്ടെ എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിനീഷിന്റെ ഈ നിസ്വാർഥമായ പ്രവൃത്തിയുടെ വീഡിയോ പാകിസ്താനിലും ഇന്ത്യയിലും ഒരുപോലെ വൈറലായി. പ്രശസ്തിക്ക് വേണ്ടിയല്ല താനിത് ചെയ്തതെന്നും ഒരു വീഡിയോ ആക്കാൻ പോലും താൻ ആദ്യം താത്പര്യം കാണിച്ചിരുന്നില്ലെന്നും ജിനീഷ് പറയുന്നു. തന്റെ ഈ നിലപാട് മറ്റാരെയെങ്കിലും സ്വാധീനിക്കുമെങ്കിൽ നല്ലതല്ലേ എന്ന് കരുതിയാണ് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാൻ സമ്മതിച്ചത്.

Content Highlights: Jineesh, a mechanic from Palakkad, refused a gift package from a Pakistani vlogger in Sharjah., He insisted the gift should be given to someone truly in need., His selfless act went viral across India and Pakistan., Emphasizes the values of self-sufficiency and social responsibility.