'പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, തലയിടിച്ച് മഡുറോയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു'

വാഷിങ്ടൺ: വെനസ്വേലയിൽ കടന്നാക്രമണം നടത്തി പ്രസിൻഡന്റ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും യുഎസ് സേന പിടികൂടാൻ ശ്രമിച്ചപ്പോൾ ഇരുവരും രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും ഇതിനിടെ പരിക്കേറ്റതായും വെളിപ്പെടുത്തൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തലയിടിച്ച് മഡുറോയ്ക്കും ഭാര്യക്കും പരിക്കേറ്റതായി യുഎസ് ഉന്നത ഉദ്യോഗസ്ഥർ യുഎസ് എംപിമാർക്ക് മുന്നിലാണ് വെളിപ്പെടുത്തിയത്. അവരുടെ കോമ്പൗണ്ടിനുള്ളിലെ ഒരു സ്റ്റീൽ വാതിലിന് പിന്നിൽ ഒളിക്കാനാണ് മഡുറോയും ഭാര്യ ഫ്‌ളോറസും ശ്രമിച്ചത്. എന്നാൽ വാതിലിന്റെ ഫ്രെയിം വളരെ താഴ്ന്നതായിരുന്നു. ഇതിനിടെ ഇരവരുടേയും തല അതിലിടിച്ചു. ഡെൽറ്റ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി, ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, അറ്റോർണി ജനറൽ പാം ബോണ്ടി, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരാണ് തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ സമയം യുഎസിലെ ഉയർന്ന നിയമനിർമ്മാതാക്കൾക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയത്.
മഡുറോയും ഭാര്യയും തിങ്കളാഴ്ച കോടതിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവർക്ക് പരിക്കേറ്റത് വ്യക്തമായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ അവർക്ക് 'ഗുരുതരമായ പരിക്കുകൾ' സംഭവിച്ചതായി ഫ്‌ലോറസിന്റെ അഭിഭാഷകൻ ജഡ്ജിയോട് പറയുകയുമുണ്ടായി. 'കൂടാതെ, അവരുടെ വാരിയെല്ലുകളിൽ ഒടിവോ അല്ലെങ്കിൽ ഗുരുതരമായ മുറിവോ സംഭവിച്ചിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ആരോഗ്യം ഉറപ്പാക്കാൻ എക്‌സ്-റേയും പൂർണ്ണമായ ശാരീരിക പരിശോധനകളും നടത്തണം' അഭിഭാഷകൻ അഭ്യർത്ഥിച്ചു.
മഡുറോയ്ക്ക് ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതിയിൽനിന്നുള്ള ഫ്‌ളോറസിന്റെ ചിത്രങ്ങളിൽ തലയിൽ ബാൻഡേജുകളോടെയുള്ളതായിരുന്നു. അതേസമയം ഫ്‌ളോറസിന്റെ തലയ്‌ക്കേറ്റ പരിക്ക് നിസ്സാരമാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ എംപിമാരോട് പറഞ്ഞത്.
മഡുറോയുടെ സുരക്ഷയ്ക്കുണ്ടായിരുന്ന ക്യൂബൻ പ്രതിരോധ സേനയുമായുണ്ടായ കനത്ത വെടിവെപ്പിൽ ഡെൽറ്റ ഫോഴ്‌സ് ഓപ്പറേറ്റർമാർക്ക് പരിക്കേറ്റതായും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നും പൂർണ്ണ സുഖം പ്രാപിക്കുമെന്നും റൂബിയോ അടക്കമുള്ളവർ പറഞ്ഞു.
ഓപ്പറേഷൻ സമയത്ത് കാരക്കാസിൽ ഏകദേശം 200 യുഎസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നതായാണ് ഇവർ പറയുന്നത്. ഓപ്പറേഷനിൽ എത്ര വെനസ്വേലക്കാരെയും ക്യൂബക്കാരെയും വധിച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ഉദ്യോഗസ്ഥർ നൽകിയില്ല. അതേസമയം തങ്ങളുടെ 32 സൈനിക-പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ക്യൂബൻ സർക്കാർ അറിയിച്ചിട്ടുണ്ട്. വെനസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥരേക്കാൾ കൂടുതൽ ജീവഹാനി ഉണ്ടായത് ക്യൂബക്കാർക്കാണെന്ന് യുഎസ് സൈനിക വൃത്തങ്ങളും വ്യക്തമാക്കി.
ഈ ഓപ്പറേഷൻ വെനസ്വേലയിലെ ഒരു ഭരണമാറ്റത്തിനുള്ള ശ്രമമായിരുന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ എംപിമാരോട് വിശദീകരിച്ചു. വെനസ്വേലൻ സർക്കാർ ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡെൽസി റോഡ്രിഗസുമായി യുഎസിന് ഒത്തുപോകാൻ സാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് മരിയ കൊറി മച്ചാഡോയെ യുഎസ് പിന്തുണച്ചിരുന്നെങ്കിലും അവർക്ക് വെനസ്വേലയിലെ സൈന്യത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
Content Highlights: US officials reveal President Maduro and his wife Flora suffered head injuries during an attempted capture raid by US forces in Venezuela