‘ഞാൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണ്’; യുഎസ് കോടതിയിൽ കുറ്റങ്ങൾ നിഷേധിച്ച് മഡുറോ

ന്യൂയോർക്ക്: തനിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ നിഷേധിക്കുന്നതായും താൻ നിരപരാധിയാണെന്നും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ന്യൂയോർക്ക് കോടതിയിൽ. അമേരിക്ക സൈനിക നീക്കത്തിലൂടെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിൽനിന്ന് പിടികൂടി രണ്ട് ദിവസം പിന്നിടുമ്പോഴാണ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും കോടതിയിൽ ഹാജരാക്കിയത്.
മയക്കുമരുന്ന് തീവ്രവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകൾ, വിനാശകരമായ ഉപകരണങ്ങൾ എന്നിവ കൈവശം വെക്കൽ തുടങ്ങിയ നാല് കുറ്റങ്ങളിലും താൻ കുറ്റക്കാരനല്ലെന്നാണ് മഡുറോയുടെ വാദം. മാന്യനായ വ്യക്തിയാണെന്നും താൻ ഇപ്പോഴും തന്റെ രാജ്യത്തിന്റെ പ്രസിഡന്റാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. കേസിൽ വാദം കേൾക്കുന്നതിനായി മഡുറോയെ മാർച്ച് 17-ന് വീണ്ടും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും മയക്കുമരുന്ന് കടത്തൽ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മഡുറോയും കൂട്ടരും ചേർന്ന് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യുഎസിലേക്ക് കടത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് ശനിയാഴ്ച പ്രസിദ്ധീകരിച്ച 25 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. മഡുറോയേയും (63) ഭാര്യ സിലിയ ഫ്‌ളോറസിനേയും (69) ശനിയാഴ്ച യുഎസ് നടത്തിയ ആക്രമണത്തിലാണ് പിടികൂടിയത്. ഇരുവരേയും പുലർച്ചെ കാരക്കസിൽനിന്ന് ബലം പ്രയോഗിച്ച് യുഎസിലെത്തിക്കുകയായിരുന്നു. ഹെലിക്കോപ്ടറുകളിലും ഫൈറ്റർ ജെറ്റുകളിലും നാവികസേനയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും പിടികൂടിയത്.
Content Highlights: Venezuelan President Nicolas Maduro pleads not guilty to drug trafficking charges in a New York court, asserting his innocence and continued presidency. Learn more about the case.