യുഎസിൽനിന്ന് നാടുകടത്തി, ഭൂട്ടാന് വേണ്ട; ലോത്‌സാംബ അഭയാർത്ഥികൾക്ക് ഇപ്പോൾ രാജ്യമില്ല

പ്രതീകാത്മക ചിത്രം| Photo:  Getty Images
പ്രതീകാത്മക ചിത്രം| Photo: Getty Images

തിംഫു: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നാടുകടത്തൽ നിയമം ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ളവരെ അമേരിക്ക തിരിച്ചയച്ചെങ്കിലും മാതൃരാജ്യം സ്വീകരിക്കാതിരുന്നതിനാൽ രണ്ടു ഡസനിലധികം വരുന്ന ഭൂട്ടാൻകാരുടെ ജീവിതം ഇപ്പോൾ തീർത്തും അനിശ്ചിതത്വത്തിൽ. ഭൂട്ടാൻ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ ഇവർ നേപ്പാളിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണ്,  ഇനിയെത്ര കാലം എന്നറിയാതെ. നേപ്പാളി ഭാഷ സംസാരിക്കുന്ന ഭൂട്ടാനിലെ ന്യൂനപക്ഷ വിഭാഗമായ ലോത്‌സാംബ വിഭാഗത്തിൽനിന്നുള്ള അഭയാർത്ഥികളാണിവർ.

വംശീയ ന്യൂനപക്ഷ വിഭാഗമായ ലോത്‌സാംബകളെ 1990-കളിൽ ഭൂട്ടാനിൽനിന്ന് പുറത്താക്കിയിരുന്നു. അഭയാർത്ഥി ക്യാമ്പുകളിൽ പതിറ്റാണ്ടുകളോളം കഴിഞ്ഞതിന് ശേഷം, അവരിലെ ഒരു ലക്ഷത്തിലധികം പേരെ യുഎസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പുനരധിവസിപ്പിച്ചു. 2007-ൽ യുഎൻ നേതൃത്വത്തിലായിരുന്നു ഇത്.

അമേരിക്ക വർഷങ്ങളായി  ഭൂട്ടാനിലേക്ക് ആരെയും നാടുകടത്തിയിരുന്നില്ല. പലായനം ചെയ്തു വന്നവരുടെ പൗരത്വം ഭൂട്ടാൻ സർക്കാർ റദ്ദാക്കിയതിനാൽ ഇവർക്ക് ഭൂട്ടാനിൽ തിരിച്ചെത്തിയാലും പൗരർ എന്ന ആനുകൂല്യം ലഭിക്കുമായിരുന്നില്ല. സാങ്കോതികമായി ഇവരിപ്പോൾ രാജ്യമില്ലാത്ത ജനതയാണ്. കുട്ടിക്കാലത്ത് ജീവിച്ചിരുന്ന അഭയാർത്ഥി ക്യാമ്പുകളിലാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നതെന്ന് നാടുകടത്തപ്പെട്ടവരിൽ പലരും സിഎൻഎന്നിനോട് പറഞ്ഞു. തന്നെ ന്യൂഡൽഹിയിലേക്കും തുടർന്ന് ഭൂട്ടാനിലെ പാറോയിലേക്കും വിമാനത്തിൽ അയച്ചുവെന്നാണ് നാടുകടത്തപ്പെട്ടവരിൽ ഒരാൾ സിഎൻഎന്നിനോട് പറഞ്ഞത്.

ഭൂട്ടാനിൽ എത്തിയപ്പോൾ ഇവരെ ഇന്ത്യൻ അതിർത്തിയിലേക്ക് കൊണ്ടുപോയി തുറന്നുവിട്ടു. പിന്നീട് ഇവർ അതിർത്തി കടന്ന് നേപ്പാളിലെ മേച്ചി നദി കടന്ന് പാനിട്ടാങ്കിയിൽ എത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലാക്കിയെങ്കിലും ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേപ്പാൾ തയ്യാറല്ല. ഇവരോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് നേപ്പാൾ. പക്ഷേ, എങ്ങോട്ട് നാടുകടത്തുമെന്നതാണ് പ്രശ്‌നം. 

സമാധാനത്തിനും ശാന്തിക്കും പേരുകേട്ട രാജ്യമാണെങ്കിലും, വംശീയ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിയതിന്റെ ഇരുണ്ട ചരിത്രവും ഭൂട്ടാനുണ്ട്. 19-ാം നൂറ്റാണ്ടിലാണ് നേപ്പാളി വംശജർ തെക്കൻ ഭൂട്ടാനിലേക്ക് കുടിയേറുന്നത്.  1970-കളുടെ അവസാനത്തിൽ ഭൂട്ടാൻ സർക്കാർ ഇവരെ അടിച്ചമർത്താൻ തുടങ്ങി. 1989-ൽ നേപ്പാളി ഭാഷ രാജ്യത്ത് നിരോധിക്കുകയും ഇവരെ തിരിച്ചറിയാൻ ഡ്രസ്‌കോഡ് നടപ്പാക്കുകയും ചെയ്തു. ഈ വിഷയത്തിൽ ട്രംപ് ഭരണകൂടം ഭൂട്ടാനോട് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല.

Content Highlights: Deported by the US, Forced from Bhutan, lhotshampa people are stateless now