ട്രംപിന്റെ എച്ച്.ആർ. 1 നിയമം: മൂന്നുലക്ഷം കുടിയേറ്റക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമായേക്കും

വാഷിങ്ടൺ: അമേരിക്കയിൽ താമസിക്കുന്ന മൂന്ന് ലക്ഷത്തോളം നിയമപരമായ കുടിയേറ്റക്കാർക്ക് മെഡികെയർ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമായേക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി, ചെലവ് നിയമമാണ് ഇതിന് കാരണം. എച്ച്.ആർ. 1 എന്നും ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ എന്നും അറിയപ്പെടുന്ന ഈ നിയമം അനുസരിച്ച് മെഡികെയർ ആനുകൂല്യം ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരും. പുതിയ നിയമം 2027 മുതലാണ് പ്രാബല്യത്തിൽവരിക.
അഭയാർഥികളേയും കുടിയേറ്റക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും. താൽക്കാലിക സംരക്ഷണ പദവിയുള്ളവരെയും ഇത് ബാധിച്ചേക്കും. മനുഷ്യക്കടത്തിന് ഇരയായവർക്കും ആനുകൂല്യം നഷ്ടമായേക്കും. ആവശ്യമായ തൊഴിൽ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇവർക്ക് മെഡികെയർ ലഭിച്ചത്.
സാമൂഹിക സുരക്ഷാ വിഭാഗം ഇതിനകം കുടിയേറ്റക്കാർക്ക് അറിയിപ്പുകൾ അയച്ചുതുടങ്ങിയതായാണ് റിപ്പോർട്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് ഇത്തരം കത്തുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ പ്രായമായവരും അംഗപരിമിതരുമായ കുടിയേറ്റക്കാരുണ്ട്. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്നവരും ജോലിചെയ്തവരുമാണ് ഇവരിൽ പലരും. മെഡികെയർ പദ്ധതിയിലേക്ക് ഇവർ പണം നൽകിയിട്ടുമുണ്ടെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിയമത്തിലെ മാറ്റം കാരണം മെഡികെയർ ആനുകൂല്യത്തിന് അർഹത നഷ്ടമായേക്കാമെന്നാണ് കത്തിൽ പറയുന്നത്.
പുതിയ മാറ്റത്തിൽ കുടിയേറ്റ സംഘടനകളും ആരോഗ്യ-നയ വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. നിയമപരമായി അമേരിക്കയിൽ കഴിയുന്ന നിരവധി പേർക്ക് ചികിത്സ ലഭിക്കാതായേക്കുമെന്ന് ഇവർ പറയുന്നു.
പുതിയ നിയമപ്രകാരം പ്രധാനമായി നാല് വിഭാഗക്കാർക്കാണ് മെഡികെയർ ലഭിക്കുക. അമേരിക്കൻ പൗരന്മാർക്കും അമേരിക്കൻ ദേശീയതയുള്ളവർക്കും ആനുകൂല്യം ലഭിക്കും. സ്ഥിരതാമസ അനുമതിയുള്ളവർക്കും ഇത് ലഭിക്കും. ചില ക്യൂബൻ, ഹെയ്തിയൻ കുടിയേറ്റക്കാർക്കും അർഹതയുണ്ട്. പ്രത്യേക രാജ്യങ്ങളുമായുള്ള കരാറിന്റെ പരിധിയിൽ വരുന്ന കുടിയേറ്റക്കാർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
മെഡികെയർ നഷ്ടമാകുന്നത് അമേരിക്കയിലെ സംസ്ഥാനങ്ങൾക്കും അധിക ബാധ്യതയുണ്ടാക്കും. പല സംസ്ഥാനങ്ങളും ഇതിനകം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ട്രംപ് സർക്കാരിൽ നിന്നുള്ള പണവും കുറഞ്ഞുവരികയാണ്. പുതിയ ആരോഗ്യ പദ്ധതികൾ തുടങ്ങാൻ സംസ്ഥാനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. മെഡികെയർ നഷ്ടമാകുന്നവർക്ക് പകരം ചികിത്സാ സഹായം നൽകുക എളുപ്പമാകില്ല.
പുതിയ നിയമം നടപ്പാകുന്നതോടെ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവരുടെ എണ്ണം കൂടും. പലരും ചികിത്സ വൈകിപ്പിച്ചേക്കാം. രോഗം ഗുരുതരമാകുമ്പോൾ മാത്രമായിരിക്കും ചിലർ ആശുപത്രിയിലെത്തുക. ഇത് ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ ഇടയാക്കും.
വൃക്കരോഗമുള്ള കുടിയേറ്റക്കാരാണ് കൂടുതൽ ആശങ്കയിലുള്ള മറ്റൊരു വിഭാഗം. ഗുരുതരമായ വൃക്കരോഗമുള്ളവർക്ക് സ്ഥിരമായി ഡയാലിസിസ് ആവശ്യമാണ്. നേരത്തേ ഇത്തരം രോഗികൾക്ക് മെഡികെയർ വഴി ചികിത്സ ലഭിച്ചിരുന്നു. പുതിയ നിയമം കാരണം ചിലർക്ക് ഈ ആനുകൂല്യം നഷ്ടമായേക്കും. അങ്ങനെ സംഭവിച്ചാൽ ഡയാലിസിസ് മുടങ്ങാൻ സാധ്യതയുണ്ട്.
Content Highlights: Around 300,000 legal immigrants in the US, including refugees, asylees, and TPS holders, could lose Medicare benefits starting in 2027 under President Donald Trump's H.R. 1 law, with Social Security notices already going out.