'യുക്രൈന്റെ പകുതിതരൂ യുദ്ധം നിർത്താം', US മുറ്റത്ത് റഷ്യയുടെ പരിഹാസം? CCCP ടീഷർട്ടിൽ ചൂടേറിയ ചർച്ച

അലാസ്ക: ട്രംപ്- പുതിൻ കൂടിക്കാഴ്ചയിൽ ശ്രദ്ധേയമാവുകയാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവിന്റെ 'സിസിസിപി (CCCP)' എന്ന് എഴുതിയ ടീ ഷർട്ട്. മൂന്ന് വർഷത്തിലധികമായി തുടരുന്ന റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടി നടത്തുന്ന ചർച്ചയിൽ യുക്രൈൻ തങ്ങളുടെ ഭാഗമായിരുന്നുവെന്ന് അവകാശവാദമാണ് വിദേശകാര്യമന്ത്രി ടീ ഷർട്ടിലെ എഴുത്തിൽ കൂടി പറയാൻ ശ്രമിച്ചത് എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചർച്ച.
യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് (CCCP) അഥവാ യുഎസ്എസ്ആർ എന്നതിന്റെ റഷ്യൻ ഭാഷയിലെ ചുരുക്കപ്പേരാണ് ഇത്. 1991-ൽ പുതിയ രാജ്യങ്ങളായി പിരിയുന്നതിന് മുമ്പ് യുക്രൈൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അന്ന് യുഎസ്എസ്ആർ 15 രാജ്യങ്ങളായിട്ടായിരുന്നു പിരിഞ്ഞത്.
റഷ്യ - യുക്രൈൻ യുദ്ധത്തിന് പരിഹാരമെന്നോണമാണ് ട്രംപ് - പുതിൻ കൂടിക്കാഴ്ച നടന്നത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് റഷ്യയോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നല്ല രീതിയിൽ തന്നെ അവസാനിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. മോസ്കോയിൽ വെച്ച് വൈകാതെ തന്നെ ചർച്ചയുടെ രണ്ടാം ഘട്ടവും നടക്കുമെന്നാണ് വിവരം.
ഇതിനിടെയാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവിന്റെ ടീ ഷർട്ട് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
'യുക്രൈനിന്റെ പകുതി തരൂ, എങ്കിൽ യുദ്ധം നിർത്താമെന്ന് വാക്കു തരുന്നു' എന്നായിരുന്നു മുൻ ലിത്വാനിയൻ വിദേശകാര്യ മന്ത്രി ഗബ്രേലിയസ് ലാൻഡ്സ്ബെർഗിസ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പരിഹസിച്ചത്.
120 ഡോളറിന്റെ സ്വെറ്റ് ടീ ഷർട്ട് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നതെന്ന് റഷ്യൻ ഫാഷൻ വ്ളോഗർ കണ്ടുപിടിച്ചു.
റഷ്യ ട്രംപിനോട് കാണിക്കുന്ന ആദരവ് ഇത്രയേയുള്ളൂ എന്ന് മറ്റൊരു ഉപയോക്താവ് എക്സിൽ കുറിച്ചു. ഒരു ഇടനിലച്ചർച്ചയ്ക്ക് വിദേശകാര്യമന്ത്രി എത്തിയിരിക്കുന്നത് യുഎസ്എസ്ആർ ടി ഷർട്ട് ധരിച്ചു കൊണ്ടാണ്. അമേരിക്കയേയും പാശ്ചാത്യ ലോകരേയും നോക്കി റഷ്യക്കാർ ചിരിക്കുകയാണ്- എക്സിൽ ഉപയോക്താവ് കമന്റ് ചെയ്തു.
യുദ്ധക്കുറ്റവാളി എന്നാണ് മറ്റൊരു ഉപയോക്താവ് റഷ്യൻ വിദേശകാര്യമന്ത്രിയെ വിശേഷിപ്പിച്ചത്. യുഎസ് മണ്ണിൽ പോലും റഷ്യക്കാർ അവരുടെ അവരുടെ രക്തരൂഷിതമായ സാമ്രാജ്യത്വ അഭിലാഷങ്ങൾ മറച്ചുവെക്കുന്നില്ലെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
അമേരിക്കക്കാരെ അവരുടെ മുറ്റത്ത് വന്ന് പരിഹസിക്കുകയാണ് ലാവ്റോവ് ചെയ്യുന്നതെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ട്രംപ് പ്രതികരിച്ചില്ലെങ്കിൽ ലോകത്തിന് മുമ്പിൽ പരിഹാസ്യപാത്രമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ ഇപ്പോഴും ഭൂതകാലത്ത് കുടുങ്ങിക്കിടക്കുകയാണ്. യുക്രൈനേയും ബെലാറുസിനേയും അവർ കൂടെ ചേർക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മൾ സ്വതന്ത്രരാഷ്ട്രമാണെന്നും ഒരിക്കലും റഷ്യയോടൊപ്പം ചേരില്ലെന്നും അവർ മറക്കുന്നു. സ്വേച്ഛാധിപതികളെ തൃപ്തിപ്പെടുത്താനാകില്ലെന്ന് ബെലാറുസ് രാഷ്ട്രീയ പ്രവർത്തകൻ ഫ്രനാക് വിയാകോച പോസ്റ്റ് ചെയ്തു.
Content Highlights: Lavrov's CCCP T-Shirt Sparks Controversy at Trump-Putin Meeting on Ukraine War