അതിസമ്പന്നരെ ആശങ്കയിലാക്കി നികുതി; ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ യുകെ വിടുന്നു, ഇനി ‘താവളം’ ദുബായ്

ന്യൂഡൽഹി: ലേബർ പാർട്ടി സർക്കാരിന്റെ കീഴിൽ നികുതി മാറ്റങ്ങൾ വരാനിരിക്കെ യുകെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഉരുക്ക് വ്യവസായിയും ശതകോടീശ്വരനുമായ ലക്ഷ്മി എൻ. മിത്തൽ ദുബായിലേക്ക് മാറുന്നതായി റിപ്പോർട്ട്. നികുതി മാറ്റത്തെ കുറിച്ചുള്ള സൂചനകൾ അതിസമ്പന്നരെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തിൽ നിരവധി കോടീശ്വരൻമാർ യുകെ വിടുകയാണ്. ആർസെലർ മിത്തലിന്റെ സ്ഥാപകനും ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിൽ ഏറെക്കാലമായി തുടരുന്ന വ്യക്തിയുമാണ് 75-കാരനായ ലക്ഷ്മി എൻ. മിത്തൽ. 'ദ സൺഡേ ടൈംസ്' ആണ് മിത്തലിന്റെ ‘താവളം മാറ്റ’ത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ സ്വിറ്റ്‌സർലൻഡിലെ നികുതിദായകനായ മിത്തൽ, തന്റെ കൂടുതൽ സമയവും യുഎഇയിൽ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. യുഎഇയിൽ മിത്തലിന് നേരത്തെ തന്നെ ആഡംബര വസതിയുണ്ട്. കൂടാതെ നായിയ ദ്വീപിൽ പുതിയ വസ്തുവകകൾ അദ്ദേഹം വാങ്ങുകയാണ്. 15.4 ബില്യൺ പൗണ്ട് ആസ്തിയുള്ള അദ്ദേഹം യുകെയിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പന്നനാണ്.
പൊതുഖജനാവിലെ 20 ബില്യൺ പൗണ്ടിന്റെ കുറവ് നികത്താൻ സമ്പന്നർക്ക് മേൽ കൂടുതൽ നികുതികൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന, ചാൻസലർ റേച്ചൽ റീവ്സിന്റെ ബുധനാഴ്ചത്തെ ബജറ്റിന് മുന്നോടിയായാണ് ഈ നീക്കം. ആദായനികുതിയോ മൂലധന നേട്ടത്തിനുള്ള നികുതിയോ എന്നതിലുപരി, അനന്തരാവകാശ നികുതിയാണ് പ്രധാന ആശങ്കയെന്ന് മിത്തലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. യുകെയിൽ നിന്ന് വ്യത്യസ്തമായി ദുബായിലും സ്വിറ്റ്‌സർലൻഡിലും അനന്തരാവകാശ നികുതി ഇല്ല. യുകെയിൽ ലോകമെമ്പാടുമുള്ള ആസ്തികൾക്ക് 40ശതമാനം വരെ നികുതി ചുമത്തിയേക്കാം.
എഐ സംരംഭകനായ ഹെർമൻ നരുല, റെവല്യൂട്ട് സഹസ്ഥാപകൻ നിക്ക് സ്റ്റോറോൺസ്കി എന്നിവരുൾപ്പെടെ മറ്റ് സമ്പന്നരായ സംരംഭകരുടെ സമാനമായ നീക്കങ്ങൾക്ക് പിന്നാലെയാണ് മിത്തലിന്റെയും ഈ മാറ്റം. നിർദ്ദിഷ്ട 20 ശതമാനം എക്സിറ്റ് ടാക്സ് താൽക്കാലികമായി ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും നിലനിൽക്കുന്ന അനിശ്ചിതത്വം യുകെയുടെ നികുതി സമ്പ്രദായത്തിലുള്ള വിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. നിരവധി ലോബി ഗ്രൂപ്പുകൾ, യുകെയിലേക്ക് കൂടുതൽ ആഗോള സമ്പത്ത് സ്രഷ്ടാക്കളെ ആകർഷിക്കുന്ന നയങ്ങൾ അവതരിപ്പിക്കണമെന്ന് ചാൻസലറോട് അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, വരാനിരിക്കുന്ന ബജറ്റ് സമ്പന്നർക്ക് മേലുള്ള പിടിമുറുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ "മാൻഷൻ ടാക്സ്" വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2 മില്യൺ പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന വീടുകൾക്ക്, പ്രത്യേകിച്ച് ഏറ്റവും ഉയർന്ന കൗൺസിൽ ടാക്സ് ബാൻഡുകളിലുള്ളവയ്ക്ക്, നിലവിലുള്ള കൗൺസിൽ ടാക്സ് ബില്ലുകൾക്ക് പുറമെ ഒരു അധിക വാർഷിക നികുതി കൂടി നൽകേണ്ടി വന്നേക്കാം.
Content Highlights: Billionaire Lakshmi Mittal reportedly relocating to Dubai from the UK due to impending tax changes.