മരണത്തിന് മുൻപ് എപ്‌സ്റ്റീൻ അവസാനമായി സംസാരിച്ച കരീന; 800 കോടിയുടെ ഏക അവകാശി, പക്ഷെ കിട്ടില്ല

വാഷിങ്ടൺ: 2026-ന്റെ തുടക്കത്തിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് രേഖകളിൽ അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളിയായ കരീന ഷൂലിയാക്കുമായുള്ള നിഗൂഢമായ ബന്ധത്തെ കുറിച്ച് പരാമർശിച്ചിരുന്നു. എപ്‌സ്റ്റീന്റെ ജീവിതത്തിന്റെ അവസാന എട്ടു വർഷങ്ങളിൽ അദ്ദേഹത്തിന്റെ സ്വകാര്യവും സാമ്പത്തികവുമായ കാര്യങ്ങളിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു ഷൂലിയാക് എന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്.
എപ്‌സ്റ്റീൻ തന്റെ അവസാന വിൽപ്പത്രത്തിൽ 100 മില്യൺ ഡോളർ (ഏകദേശം 830 കോടിയിലധികം രൂപ) മൂല്യമുള്ള സ്വത്തുക്കളുടെ ഏക അവകാശിയായി കരീനയെ പ്രഖ്യാപിച്ചിരുന്നു. 2019 ഓഗസ്റ്റിൽ ന്യൂയോർക്ക് ജയിലിൽ വെച്ച് എപ്‌സ്റ്റീൻ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിൽപത്രം തയ്യറാക്കിയത്. മാൻഹട്ടനിലെ ആഡംബര വീട്, പാരിസിലെ അപ്പാർട്ട്മെന്റ്, ന്യൂ മെക്സിക്കോയിലെ റാഞ്ച്, സ്വകാര്യ ദ്വീപുകൾ, വിവാഹ നിശ്ചയത്തിനായി വാങ്ങിയ 1.2 മില്യൺ ഡോളർ വിലയുള്ള ഡയമണ്ട് മോതിരം എന്നിവ ഈ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. എന്നാൽ, എപ്‌സ്റ്റീന്റെ ലൈംഗികാതിക്രമങ്ങൾക്കും മനുഷ്യക്കടത്തിനും ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഈ സ്വത്തുക്കൾ നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്.
ബെലാറസിലെ മിൻസ്ക് സർവകലാശാലയിൽ ദന്തചികിത്സാ വിദ്യാർഥിയായിരുന്ന കരീന 2011-ലാണ് എപ്‌സ്റ്റീനെ പരിചയപ്പെടുന്നത്. അന്ന് 21 വയസ്സായിരുന്ന കരീനയെ 58-കാരനായ എപ്‌സ്റ്റീൻ ഉപരിപഠനത്തിനും പൗരത്വത്തിനും സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അമേരിക്കയിലേക്ക് ക്ഷണിച്ചത്. എപ്‌സ്റ്റീൻ മരിക്കുന്നത് വരെ നീണ്ട എട്ടു വർഷത്തോളം കരീന എപ്‌സ്റ്റീന്റെ കാമുകിയും വിശ്വസ്തയും സാമ്പത്തികമായി എപ്‌സ്റ്റീനെ പൂർണ്ണമായും ആശ്രയിക്കുന്ന വ്യക്തിയുമായിരുന്നു.
കരീനയുടെ പ്രൊഫഷണൽ ജീവിതം കെട്ടിപ്പടുക്കുന്നതിൽ എപ്‌സ്റ്റീൻ നിർണ്ണായക പങ്ക് വഹിച്ചു. കൊളംബിയ സർവകലാശാലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട കരീനയ്ക്ക്, തന്റെ സ്വാധീനവും ഏകദേശം 2.1 ലക്ഷം ഡോളറിന്റെ സംഭാവനയും ഉപയോഗിച്ച് എപ്‌സ്റ്റീൻ പ്രവേശനം ഉറപ്പാക്കി. അവളുടെ പഠനച്ചെലവുകൾ പൂർണ്ണമായും വഹിക്കുകയും അമേരിക്കയിലെ വിവിധയിടങ്ങളിൽ ദന്തചികിത്സ നടത്തുന്നതിനുള്ള ലൈസൻസ് നേടാൻ സഹായിക്കുകയും ചെയ്തു.
2013-ൽ നാടുകടത്തൽ ഭീഷണി നേരിട്ട സമയത്ത്, അമേരിക്കയിൽ നിയമപരമായി തുടരുന്നതിനായി എപ്‌സ്റ്റീൻ കരീനയുടെ വ്യാജ വിവാഹവും നടത്തിയിരുന്നു. എപ്‌സ്റ്റീന്റെ തന്നെ മറ്റൊരു വനിതാ പങ്കാളിയെ കരീന വിവാഹം കഴിച്ചു. ഇത് വെറുമൊരു "പേപ്പർ മാര്യേജ്" മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും 2018-ൽ കരീനയ്ക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് ഇത് സഹായിച്ചു.
കേവലം ഒരു പങ്കാളി എന്നതിലുപരി എപ്‌സ്റ്റീന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ മാനേജറായും കരീന പ്രവർത്തിച്ചിരുന്നു. എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ആഡംബര വസതികളിലെ അറ്റകുറ്റപ്പണികൾ, ജീവനക്കാരുടെ മേൽനോട്ടം എന്നിവ അവർ നിർവ്വഹിച്ചു. എപ്‌സ്റ്റീന്റെ ലിറ്റിൽ സെന്റ് ജയിംസ് എന്ന സ്വകാര്യ ദ്വീപിൽ ഒരു അത്യാധുനിക ദന്തചികിത്സാ ക്ലിനിക്ക് സജ്ജമാക്കിയതും കരീനയുടെ മേൽനോട്ടത്തിലായിരുന്നു. മാതാപിതാക്കളുടെ ചികിത്സയ്ക്കും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായി എപ്‌സ്റ്റീൻ കരീനയ്ക്ക് വലിയ തുകകൾ നൽകിയിരുന്നതായും രേഖകളിൽ വിവരമുണ്ട്.
എപ്‌സ്റ്റീന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് കരീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പുറത്തുവന്ന ഇമെയിൽ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്. എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിലെ സ്ഥിരം യാത്രക്കാരിയായിരുന്നെങ്കിലും മറ്റ് യുവതികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളിൽ തനിക്ക് താൽപ്പര്യമില്ലെന്നും അവ തന്നിൽ നിന്ന് മറച്ചുപിടിക്കണമെന്നും കരീന ആവശ്യപ്പെട്ടിരുന്നു. എങ്കിലും എപ്‌സ്റ്റീനെ "ഏറ്റവും പരിശുദ്ധനായ മനുഷ്യൻ" എന്നാണ് ഒരു സന്ദേശത്തിൽ അവർ വിശേഷിപ്പിച്ചിരിക്കുന്നതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
എപ്‌സ്റ്റീന്റെ മരണശേഷം കരീന പൊതുജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയും ബ്രൂക്ലിനിലെ ഒരു ക്ലിനിക്കിൽ ഡോ. കരീന എന്ന പേരിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2026-ൽ ഫയലുകൾ പുറത്തായതോടെ രോഗികൾ ഇവരെ തിരിച്ചറിയുകയും ഇവർ ജോലി ഉപേക്ഷിക്കുകയും ചെയ്തു. എപ്‌സ്റ്റീന്റെ ക്രമിനൽ കുറ്റകൃത്യങ്ങളിൽ കരീനയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിലേക്ക് സ്വത്തുക്കൾ മാറ്റുന്നതിനാൽ എപ്‌സ്റ്റീൻ കരുതിവെച്ച ശതകോടികളുടെ സമ്പാദ്യം അവർക്ക് ലഭിക്കാനിടയില്ല.
Content Highlights: Karyna Shuliak's role in Jeffrey Epstein's inner circle and her status as the primary beneficiary of his estate.