‘ലീവിറ്റിനെ അപകടത്തിലാക്കി ട്രംപ് മുങ്ങി, അത് വഞ്ചന’; പ്രസ് സെക്രട്ടറിയുടെ രാജിയിൽ ആരോപണവുമായി ഇറാൻ

ടെഹ്റാൻ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഈ മാസം അവസാനം സ്ഥാനമൊഴിയുമെന്ന കരോലിൻ ലീവിറ്റിന്റെ പ്രഖ്യാപനം അഭ്യൂഹങ്ങൾക്കു വഴിവെച്ചിരിക്കുകയാണ്. തുർക്കിയിൽവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനയാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ രാജിതീരുമാനം ചർച്ച ചെയ്യപ്പെടുന്നത്. വൈറ്റ് ഹൗസ് പ്രസ് റൂമിൽ ട്രംപിന്റെ നയങ്ങളെ ശക്തമായി പ്രതിരോധിച്ചിരുന്ന ലീവിറ്റിന്റെ പെട്ടെന്നുള്ള പിന്മാറ്റം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
തുർക്കിയിൽവെച്ച് മുൻനിശ്ചയിച്ച വിമാനത്തിൽനിന്ന് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയെന്നും എന്നാൽ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും പഴയ വിമാനത്തിൽതന്നെ തുടരാൻ അനുവദിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഇതിനുശേഷമാണ് ലീവിറ്റിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനമുണ്ടാകുന്നത്. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടു കുട്ടികളുണ്ട് ഇരുപത്തെട്ടുകാരിയായ ലീവിറ്റിന്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടർന്ന് താൽക്കാലികമായി മാറിനിന്ന ലീവിറ്റ്, കഴിഞ്ഞ ജൂണിലാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. തുടർന്ന് രണ്ടുമാസത്തിനു മുൻപുള്ള ഈ രാജി തീരുമാനത്തിനു പിന്നിൽ ട്രംപിന്റെ വിമാനം മാറിക്കയറൽ ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.
ജൂലായ് 7, 8 തീയതികളിൽ നടന്ന നാറ്റോ ഉച്ചകോടിക്കുശേഷം അങ്കാറ വിമാനത്താവളത്തിൽവെച്ച് ട്രംപ് എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നത് പരസ്യമായി കാണിച്ചെങ്കിലും, പിന്നീട് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു കാറ്ററിങ് ട്രക്കിൽ മാറ്റി, മറ്റൊരു ചെറിയ മിലിട്ടറി വിമാനത്തിൽ സുരക്ഷിതമായി കടത്തുകയായിരുന്നു. അതേസമയം, ട്രംപ് എയർഫോഴ്സ് വൺ വിമാനത്തിൽതന്നെയാണ് യാത്രചെയ്യുന്നതെന്ന് മാധ്യമപ്രവർത്തകരെയും വൈറ്റ് ഹൗസ് ജീവനക്കാരേയും വിശ്വസിപ്പിക്കാൻ ഈ വിമാനം ഒരു ‘ഡികോയ്’ (ശ്രദ്ധതിരിക്കാനുള്ള വ്യാജവിമാനം) ആയി യു.കെ.യിലെ മിൽഡൻഹാളിലേക്ക് പറത്തിയിരുന്നു. മാധ്യമപ്രവർത്തകരും ജീവനക്കാരുമടക്കം നൂറിലധികം പേർ ഈ വിമാനത്തിലുണ്ടായിരുന്നെന്നും ഇതിൽ കരോലിൻ ലീവിറ്റും ഉൾപ്പെട്ടിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. അങ്കാറ വിമാനത്താവളത്തിലെ ഈ ഡികോയ് വിമാനത്തിൽ ലീവിറ്റ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്.
ട്രംപിന് സുരക്ഷിതമല്ലെന്ന് കരുതിയ വിമാനത്തിൽ തങ്ങളെ ഉപേക്ഷിച്ചതിൽ ലീവിറ്റിന് അമർഷമുണ്ടായിരുന്നെന്നും അതാണ് രാജിയെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. ദക്ഷിണാഫ്രിക്കയിലെ ഇറാനിയൻ എംബസി ലീവിറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, അപകടസാധ്യതയുള്ള വിമാനത്തിൽ ജീവനക്കാരെ ഉപേക്ഷിച്ച് ട്രംപ് മറ്റൊരു വിമാനത്തിൽ രക്ഷപ്പെട്ടെന്നും അവരെ വഞ്ചിച്ചെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ പരിഹസിച്ചു.
അതേസമയം, വൈറ്റ് ഹൗസിൽ നിന്നുള്ള രാജിക്ക് കുടുംബപരമായ കാരണങ്ങൾ മാത്രമാണ് ലീവിറ്റ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. ലീവിറ്റിന്റെ തീരുമാനത്തെ ട്രംപ് പിന്തുണയ്ക്കുകയും അവർ തുടർന്നും തന്റെ പ്രധാന ഉപദേശകരിൽ ഒരാളായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തുർക്കിയിലെ സംഭവവികാസങ്ങളാണ് രാജിക്ക് കാരണമെന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളോ തെളിവുകളോ ഒന്നുമില്ല.
Betrayal is awful.
When your boss betrays you and sends you in danger, while he escapes in a food truck, you lose all hope for camaraderie.
Of course, you can't expect much more from a murderer.
You did a good job resigning Caroline Leavitt pic.twitter.com/MHLly0mlPS— Iran Embassy SA (@IraninSA) August 15, 2026
Content Highlights: Karoline Leavitt announced her resignation as White House press secretary to spend time with her children., Iran's embassy in South Africa linked her exit to a reported security operation during Trump's departure from Turkey on July 8., Trump was secretly moved to a smaller aircraft due to a credible threat, while aides and journalists stayed on the original plane.