ട്രാന്‍സ് വനിതകൾ നിയമപ്രകാരം സ്ത്രീകളല്ലെന്ന വിധി; ആഹ്ളാദം പ്രകടിപ്പിച്ച് ജെ.കെ റൗളിങ്

ലണ്ടന്‍: സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കിയ യു.കെ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സാഹിത്യകാരി ജെ.കെ റൗളിങ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചിരുന്നു.
സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റൗളിങ്ങിന്റെ ആഹ്ളാദപ്രകടനം. എ ടീം എന്ന യു.എസ് സീരീസിലെ, ജോർജ്ജ് പപ്പാർഡ് അവതരിപ്പിച്ച ജോൺ ഹാനിബൽ സ്മിത് എന്ന കഥാപാത്രം പറയുന്ന വിഖ്യാതമായ ഡയലോഗായ I Love it When a Plan Comes Together എന്ന ഡയലോഗിനൊപ്പമാണ് റൗളിങ് പോസ്റ്റ് പങ്കുവെച്ചത്. സുപ്രീംകോടതി, വിമണ്‍ റൈറ്റ്‌സ് തുടങ്ങിയ ഹാഷ്ടാഗുകളും ഇതോടൊപ്പം പങ്കുവച്ചു.
ട്രാന്‍സ് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെട്ട് രൂക്ഷമായി വിമര്‍ശനം നേരിടേണ്ടി വന്ന വ്യക്തിയാണ് ജെ.കെ റൗളിങ്. ആര്‍ത്തവശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതാണ് വിവാദത്തിന് തുടക്കമായത്. പീപ്പിള്‍ ഹൂ മെന്‍സ്ട്രുവേറ്റ്' (ആര്‍ത്തവമുള്ള ആളുകള്‍) എന്ന പ്രയോഗത്തിനു പകരം സ്ത്രീകള്‍ എന്നു പറഞ്ഞാല്‍ പോരേയെന്ന ചോദ്യത്തെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെ രംഗത്തെത്തി. സ്ത്രീകള്‍ക്കു മാത്രമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആര്‍ത്തവമുണ്ടാകുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് അതിന്റെ പേരില്‍ ഒട്ടേറെ സംവാദങ്ങള്‍ നടന്നു.
ട്രാന്‍സ് വിഭാഗത്തില്‍പ്പെടുന്നവരെ വനിതാ കായിക മത്സരങ്ങളില്‍ ഉള്‍പ്പെടുത്തുന്നതില്‍ ജെ.കെ റൗളിങ് രംഗത്ത് വന്നതും വിവാദമായി. ട്രാന്‍സ് വിമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് കായികക്ഷമത സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ഇത് അനീതിയാണെന്നുമാണ് ജെ.കെ റൗളിങ് പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. താന്‍ ടാന്‍സ് വിരുദ്ധയല്ലെന്നും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ജെ.കെ റൗളിങ് പിന്നീട് വിശദീകരിച്ചു.
സുപ്രീം കോടതി വിധി
2010-ലെ യുകെ 'ലിംഗസമത്വനിയമം' (ഇഎ) അനുശാസിക്കുന്നത് പ്രകാരമാണ് സുപ്രീം കോടതി വിധിച്ചത്. അതേസമയം, ഇഎ പ്രകാരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിവേചനത്തില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്ന് കോടതി പറഞ്ഞു. സ്കോട്ലൻഡ് സര്‍ക്കാരും 'ഫോര്‍ വിമന്‍ സ്‌കോട്ട്ലന്‍ഡ്' (എഫ്ഡബ്ല്യുഎസ്) എന്ന സ്ത്രീ അവകാശസംഘടനയും തമ്മില്‍ വര്‍ഷങ്ങളായുള്ള നിയമപോരാട്ടത്തിന്റെ പരിസമാപ്തിയാണ് വിധി.
ലിംഗമാറ്റത്തിലൂടെ സ്ത്രീയായി എന്നത് അംഗീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ജിആര്‍സി) ലഭിച്ച രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ സ്ത്രീയായി പരിഗണിക്കാനാവില്ലെന്ന് വിധി വ്യക്തമാക്കുന്നു. ട്രംപിന്റെ ഭരണത്തില്‍ യുഎസില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടിച്ചമര്‍ത്തല്‍ നേരിടുമ്പോഴാണിത്. ട്രാന്‍സ് വിഷയത്തില്‍ മൗനംപാലിക്കുന്ന പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറുടെ ലേബര്‍ സര്‍ക്കാരിനുമേല്‍ വിധി കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയേക്കും.
കേസ് ഇങ്ങനെ:
ഫോര്‍ വിമെന്‍ സ്‌കോട്ട്ലന്‍ഡ് v/s സ്റ്റേറ്റ് ഓഫ് സ്‌കോട്ട്ലന്‍ഡ്
ലിംഗസമത്വനിയമത്തിന്റെ (ഇഎ) വ്യാഖ്യാനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു നിയമപോരാട്ടത്തിന്റെ കാതല്‍. സ്‌കോട്ട്ലന്‍ഡിലെ പൊതുസ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍ 50 ശതമാനം വനിതാപ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന 2018-ല്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യംചെയ്താണ് 'ഫോര്‍ വിമന്‍ സ്‌കോട്ട്ലന്‍ഡ്' കേസ് നല്‍കിയത്. ആ നിയമം ട്രാന്‍സ് സ്ത്രീകളെയും സ്ത്രീകളായാണ് കണക്കാക്കുന്നത്. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ നിയമത്തില്‍ വ്യക്തതയില്ലെന്നുപറഞ്ഞ് നല്‍കിയ കേസ് കീഴ്ക്കോടതികളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.
സ്‌കോട്ട്ലന്‍ഡിന്റെ ഇഎ നിയമപ്രകാരം ജെന്‍ഡര്‍ റെക്കഗ്നിഷന്‍ സര്‍ട്ടിഫിക്കറ്റ് (ജിആര്‍സി) കൈവശമുള്ള ട്രാന്‍സ് സ്ത്രീകള്‍ക്ക് ജനനംകൊണ്ട് സ്ത്രീയായ ഒരാള്‍ക്ക് കിട്ടുന്ന അതേ പരിരക്ഷകിട്ടുമെന്ന് സ്‌കോട്ടിഷ് സര്‍ക്കാര്‍ വാദിച്ചു.
സ്‌കോട്ടിഷ് സര്‍ക്കാരിന്റെ വ്യാഖ്യാനം ശരിയല്ലെന്നും ജിആര്‍സി സര്‍ട്ടിഫിക്കറ്റുകള്‍ അവതരിപ്പിച്ച 2004-ലെ ജെന്‍ഡര്‍ റെക്കഗ്നിഷന്‍ നിയമവുമായി ഇഎ നിയമം പൊരുത്തപ്പെടുന്നില്ലെന്നും സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
വസ്ത്രംമാറുന്ന മുറികള്‍, ഹോസ്റ്റലുകള്‍, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏകലിംഗ ഇടങ്ങളും സേവനങ്ങളും ലൈംഗികതയെ ജീവശാസ്ത്രപരമായ ലൈംഗികതയായി വ്യാഖ്യാനിച്ചാല്‍ മാത്രമേ ശരിയാകൂവെന്ന് കോടതി പറഞ്ഞു. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ഏകലിംഗ ഇടങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശം ഇല്ലാതാക്കിയേക്കും.
Content Highlights: JK Rowling celebrates after UK Supreme Court rules trans women are not legally women