വനിതാവിഭാഗത്തിനായി ജെയ്‌ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചു, ഫീസ് 500 പാകിസ്താനി രൂപ

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പുതിയതായി രൂപവത്കരിക്കുന്ന വനിതാ വിഭാഗത്തിനായി ഓൺലൈൻ പരിശീലനകോഴ്സ് ആരംഭിച്ചതായി റിപ്പോർട്ട്. ജമാഅത്ത് ഉൽ-മുഅമിനാത്ത് എന്ന പേരിൽ ഒരു വനിതാ വിഭാഗം രൂപവത്കരിക്കുന്നതായി ഒക്ടോബർ ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെൻ്റ് നടത്തുന്നതിനുമായി തുഫാത്ത് അൽ-മുഅമിനാത്ത് എന്ന പേരിലാണ് സംഘടന ഓൺലൈൻ പരിശീലന കോഴ്സ് ആരംഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
കോഴ്‌സിൻ്റെ ഭാഗമായി സ്ഥാപകൻ മസൂദ് അസറിൻ്റെയും കമാൻഡർമാരുടെയും ബന്ധുക്കൾ ഉൾപ്പെടെയുള്ള ജെയ്‌ഷെ നേതാക്കളുടെ കുടുംബത്തിലെ വനിതകൾ, ജിഹാദിനെയും ഇസ്ലാമിനെയും അടിസ്ഥാനമാക്കി മറ്റുള്ളവരെ അവരുടെ 'കടമകളെ'ക്കുറിച്ച് പഠിപ്പിക്കും. ഓൺലൈനായി നടത്തുന്ന ഈ റിക്രൂട്ട്‌മെൻ്റ് നവംബർ 8-ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. കോഴ്സിൽ ചേരുന്ന ഓരോ സ്ത്രീയിൽ നിന്നും ഇപ്പോൾ 500 പാകിസ്താനി രൂപയും (156 ഇന്ത്യൻ രൂപ) പിരിക്കുകയും അവരെക്കൊണ്ട് ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ദിവസവും 40 മിനിറ്റ് നീണ്ടുനിൽക്കുന്ന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് അസറിൻ്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസറുമായിരിക്കും. ഇവരുടെ ക്ലാസുകൾ സ്ത്രീകളെ സംഘടനയുടെ വനിതാവിഭാഗത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. അസറിൻ്റെ ഇളയ സഹോദരിയായ സാദിയ അസറിനാണ് ജമാഅത്തിൻ്റെ ചുമതല നൽകിയിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ആക്രമണകാരികളിൽ ഒരാളായ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫ്രീർ ഫാറൂഖിനെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേയ് മാസത്തിൽ ബഹാവൽപൂരിലെ ജെയ്‌ഷെ ആസ്ഥാനത്ത് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മസൂദ് അസറിൻ്റെ നിരവധി കുടുംബാംഗങ്ങളിൽ ഒരാളായിരുന്നു സാദിയയുടെ ഭർത്താവ് യൂസഫ് അസർ. ഒക്ടോബർ 8-നാണ് അസർ ജമാഅത്ത് വനിതാ യൂണിറ്റ് പ്രഖ്യാപിച്ചത്. സ്ത്രീകളെ ഗ്രൂപ്പിലേക്ക് ചേർക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 19-ന് പാക് അധിനിവേശ കശ്മീരിൽ ദുഖ്തരാൻ-ഇ-ഇസ്ലാം എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
Content Highlights: Jaish-e-Mohammed forms a new women`s wing, `Jamaat-ul-Mominaat`, offering online training courses for recruitment and fundraising. Led by Masood Azhar`s sisters.