ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

#ന്യൂസ് ഡെസ്ക്
ജെഫ്രി ആർച്ചർ | Photo : LEON NEAL / AFP
ജെഫ്രി ആർച്ചർ | Photo : LEON NEAL / AFP

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർ കോളിൻസ് തിങ്കളാഴ്ചയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു ആർച്ചർ. അഞ്ചു പതിറ്റാണ്ട് നീണ്ട സാഹിത്യരചനകളിൽ പിറന്ന കൃതികളുടെ 300 ദശലക്ഷത്തിലധികം കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 1976-ൽ പുറത്തിറങ്ങിയ 'നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്' എന്ന കന്നി നോവലും 1979-ൽ പുറത്തിറങ്ങിയ 'കെയ്ൻ ആൻഡ് ആബെൽ' എന്ന പുസ്തകവും അദ്ദേഹത്തിന്റെ ഏറെ ജനപ്രീതി നേടിയ കൃതികളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന നോവലായ 'ആദം ആൻഡ് ഈവ്' പ്രസിദ്ധീകരിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

1940 ഏപ്രിൽ 15-ന് വടക്കൻ ലണ്ടനിലാണ് ആർച്ചറുടെ ജനനം. വൈകാതെ അദ്ദേഹം സോമർസെറ്റിലെ വെസ്റ്റൺ-സൂപ്പർ-മേയറിലേക്ക് മാറിയതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. 1969-ൽ ലിങ്കൺഷെയറിലെ ലൗത്ത് മണ്ഡലത്തിൽനിന്ന് അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം ജനപ്രതിനിധിയായി പ്രവർത്തിച്ച ശേഷം, 1980-കളുടെ മധ്യത്തിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ഭരണകാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു.

എന്നാൽ 2001-ൽ ജയിലിലായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയുണ്ടായി. 'ദി സ്റ്റാർ' എന്ന പത്രത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ കള്ളം പറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഈ കേസിൽ അദ്ദേഹത്തിന് അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. 2003-ൽ ജയിൽ മോചിതനായ ശേഷം ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, 2024-ൽ വിരമിക്കുന്നത് വരെ സഭയിൽ സേവനമനുഷ്ഠിച്ചു.

Content Highlights: Renowned British author and former politician Jeffrey Archer passed away at the age of 86, leaving behind a legacy of global best-selling novels and a notable political career.