‘പാകിസ്താനിൽ മാധ്യമസ്വാതന്ത്ര്യമില്ല’; കരാർ വിവരങ്ങൾ പുറത്തുവിടാൻ വൈകിയതിൽ വിമർശനവുമായി ജെ.ഡി. വാൻസ്

#ന്യൂസ് ഡെസ്ക്
ജെ.ഡി. വാൻസ് ഷെഹബാസ് ഷരീഫിനൊപ്പം | Photo: AP
ജെ.ഡി. വാൻസ് ഷെഹബാസ് ഷരീഫിനൊപ്പം | Photo: AP

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടിയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ പാകിസ്താനും ഖത്തറും വൈകിയതിൽ പരിഹാസ പരാമർശവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കരാറിനായി മധ്യസ്ഥത വഹിച്ച പാകിസ്താനിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാത്തതുമൂലമാണ് അവർക്ക് ഇറാനുമായുള്ള ധാരണാപത്രത്തിന്റെ (MoU) വിവരങ്ങൾ യഥാസമയത്ത് പരസ്യപ്പെടുത്താൻ കഴിയാതെ പോയത്‌ എന്നായിരുന്നു വാൻസിന്റെ വിമർശനം.

ഖത്തറിനൊപ്പം ചേർന്ന് മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന കരാറിനെച്ചൊല്ലി പാകിസ്താൻ വലിയ നാണക്കേട് നേരിടുന്നതിനിടെയാണ് വാൻസിന്റെ പരാമർശംകൂടി പുറത്തുവരുന്നത്. ജൂൺ 15-ന് കരാർ പ്രഖ്യാപിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് ഔദ്യോഗിക രേഖകൾ പുറത്തുവന്നത്. ഇന്ററസ്റ്റിംഗ് ടൈംസ് വിത്ത് റോസ് ദൗത്ത് (Interesting Times with Ross Douthat) എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു വാൻസിന്റെ പരാമർശം.

'ഞങ്ങൾക്ക് ഇത് പുറത്തുവിടാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ, പാകിസ്താനിലെയും ഖത്തറിലെയും സംവിധാനങ്ങളിൽ അമേരിക്കയിലേതുപോലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയോ (First Amendment) മാധ്യമസ്വാതന്ത്ര്യമോ ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം.' പാകിസ്താനിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വാൻസ് അഭിപ്രായപ്പെട്ടു.

അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നുണ്ടെങ്കിലും പാകിസ്താനിൽ ഇത്തരം ഭരണഘടനാപരമായ സംരക്ഷണങ്ങളില്ല. അമേരിക്കൻ ജനതയ്ക്ക് കരാർ വിശകലനം ചെയ്യാനും മനസ്സിലാക്കാനും സാധിക്കുമെന്ന പ്രതീക്ഷ പാകിസ്താനിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡെമോക്രാറ്റുകളുടെ വിമർശനത്തെത്തുടർന്ന് ബുധനാഴ്ചയാണ് കരാറിന്റെ പൂർണരൂപം പുറത്തിറക്കിയത്. ഇറാനെതിരായ സമുദ്ര ഉപരോധം അവസാനിപ്പിക്കാൻ വലിയ വിട്ടുവീഴ്ചകൾ കരാറിൽ ഉണ്ടായേക്കാമെന്ന് വിമർശകർ നേരത്തേ സംശയിച്ചിരുന്നു.

അതേസമയം, പാകിസ്താനിൽ മാധ്യമസ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞുവരികയാണെന്നാണ് വാൻസിന്റെ പരാമർശം അടിവരയിടുന്നതെന്ന്‌ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ 153-ാം സ്ഥാനത്താണ് പാകിസ്താൻ. 2025 നവംബറിൽ പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി മൗലികാവകാശങ്ങൾ പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ അധികാരം ഇല്ലാതാക്കിക്കൊണ്ട് മാധ്യമസ്വാതന്ത്ര്യത്തെ വീണ്ടും തടസ്സപ്പെടുത്തി.

യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാർ വലിയൊരു നയതന്ത്ര നേട്ടമായാണ് പാകിസ്താൻ അവതരിപ്പിച്ചിരുന്നത്. ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് നടക്കുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രഖ്യാപിനത്തിൽനിന്നു വ്യത്യസ്തമായി ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യാഴാഴ്ച ഡിജിറ്റലായി കരാറിൽ ഒപ്പുവച്ചു, ഇത് പാകിസ്താന് വലിയ തിരിച്ചടിയായി.

സ്വിറ്റ്സർലൻഡിൽ ചടങ്ങുകളൊന്നും നടക്കില്ലെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. ഇതോടെ ഷെരീഫ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽനിന്ന് സ്വിറ്റ്സർലൻഡ് ചടങ്ങിനെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്യുകയും സന്ദർശനം റദ്ദാക്കുകയും ചെയ്തു. ഇത് പാകിസ്താന്റെ നയതന്ത്ര വിഭാഗത്തിന് വലിയ തിരിച്ചടിയായി. യുഎസിനും ഇറാനുമിടയിൽ ശരിക്കും പാകിസ്താൻ മധ്യസ്ഥത്വം വഹിച്ചിരുന്നോ എന്ന സംശയത്തിനും ഇത് ഇടവെച്ചു.

Content Highlights: JD Vance attributes the delay in the US-Iran deal MoU to Pakistan's lack of press freedom standards. The 27th Constitutional Amendment (2025) in Pakistan further restricts judicial oversight of fundamental rights. Pakistan faced diplomatic embarrassment after a planned Switzerland signing ceremony was canceled. The US-Iran deal was signed digitally by Trump and Pezeshkian, bypassing Pakistani mediation claims.