രാജകുടുംബം ഇല്ലാതാകുമോ? രക്ഷിക്കാൻ പുതിയ വഴി തേടി ജപ്പാൻ പാർലമെന്റ്; പുരുഷന്മാരെ ദത്തെടുക്കും

#ന്യൂസ് ഡെസ്ക്
ജാപ്പനീസ് രാജകുടുംബാം​ഗങ്ങൾ  | Photo by Tomohiro Ohsumi/Getty Images
ജാപ്പനീസ് രാജകുടുംബാം​ഗങ്ങൾ | Photo by Tomohiro Ohsumi/Getty Images

ടോക്കിയോ: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ രാജവംശങ്ങളിലൊന്നായ ജപ്പാൻ രാജകുടുംബത്തിന്റെ നിലനിൽപ്പ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദ്ദേശവുമായി ജാപ്പനീസ് പാർലമെന്റ്. അകന്ന ബന്ധുക്കളായ പുരുഷന്മാരെ ദത്തെടുക്കാൻ രാജകുടുംബത്തിന് അനുമതി നൽകുന്ന നിർദേശത്തിന് രാജ്യത്തിന്റെ പാർലമെന്റ് അംഗീകാരം നൽകിയതായി 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. രാജകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടി.

അംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും സിംഹാസനത്തിന് അവകാശികളില്ലാത്തതും ജപ്പാൻ രാജകുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ അഞ്ച് പുരുഷന്മാരും 11 സ്ത്രീകളും ഉൾപ്പെടെ 16 അംഗങ്ങൾ മാത്രമാണ് ജപ്പാൻ രാജകുടുംബത്തിലുള്ളത്. അംഗങ്ങളുടെ എണ്ണം കുറഞ്ഞതോടെ വിദേശ സന്ദർശനങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ തുടങ്ങിയ പൊതുചുമതലകൾ നിർവഹിക്കാൻ മതിയായ ആളുകളില്ലാത്ത അവസ്ഥയാണ്. നിയമങ്ങളിൽ മാറ്റം വരുത്തുന്നതോടെ ഈ ചുമതലകൾ കൃത്യമായി നിർവഹിക്കാൻ കൂടുതൽ അംഗങ്ങളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

1947-ലെ 'ഇംപീരിയൽ ഹൗസ്ഹോൾഡ് ലോ' പ്രകാരം പുരുഷന്മാർക്ക് മാത്രമാണ് ജപ്പാന്റെ ചക്രവർത്തിയാകാൻ സാധിക്കുകയുള്ളൂ. . നിലവിൽ ചക്രവർത്തി പദവിയിലേക്ക് അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളത്. നിലവിലെ ചക്രവർത്തിയായ നരുഹിതോയുടെ ഇളയ സഹോദരനും അറുപതുകാരനുമായ അകിഷിനോ രാജകുമാരൻ, അദ്ദേഹത്തിന്റെ മകനായ പത്തൊമ്പതുകാരൻ ഹിസാഹിതോ രാജകുമാരൻ എന്നിവരാണ് രണ്ടുപേർ. ഇവർക്ക് പുറമേ മുൻ ചക്രവർത്തി അക്കിഹിതോയുടെ സഹോദരൻ തൊണ്ണൂറുകാരനായ ഹിറ്റാച്ചി രാജകുമാരനാണ് അവശേഷിക്കുന്ന മറ്റൊരാൾ.

നരുഹിതോ ചക്രവർത്തിക്ക് ഐക്കോ രാജകുമാരി എന്ന ഒരു മകൾ മാത്രമാണുള്ളത്. അതിനാൽ തന്നെ രാജകുടുംബത്തിലെ ഏക യുവതലമുറക്കാരൻ ഹിസാഹിതോ മാത്രമാണ്. ജപ്പാൻ രാജഭരണത്തിന്റെ ഭാവി ഇപ്പോൾ ഹിസാഹിതോയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇംപീരിയൽ ഹൗസ്ഹോൾഡ് ലോ പ്രകാരം ഭരണാവകാശം നിഷേധിക്കപ്പെടുന്നതിന് പുറമെ, സാധാരണക്കാരെ വിവാഹം കഴിക്കുന്നതോടെ രാജകുടുംബത്തിലെ സ്ത്രീകൾക്ക് തങ്ങളുടെ രാജപദവി നഷ്ടമാകും എന്ന നിയമവുമുണ്ട്.

എന്നാൽ, ബന്ധുക്കളായ പുരുഷന്മാരെ ദത്തെടുക്കാനുള്ള നീക്കത്തിനെതിരെ ജപ്പാനിൽ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് ഭരണാവകാശം നൽകിയാൽ തീരാവുന്ന പ്രശ്നമേ രാജകുടുംബത്തിലുള്ളൂ എന്നാണ് ഇവരുടെ വാദം. ജനങ്ങൾക്കിടയിലും ഈ ആശയത്തിന് വലിയ പിന്തുണയുണ്ട്. പക്ഷേ, ജപ്പാൻ രാഷ്ട്രീയത്തിൽ മേധാവിത്വം പുലർത്തുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, പുരുഷ മേധാവിത്വമുള്ള ഈ പിന്തുടർച്ചാവകാശ നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറല്ല.

അതേസമയം പുരുഷന്മാരെ ദത്തെടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമനിർമാണത്തിൽ സ്ത്രീകൾക്ക് അനുകൂലമായുള്ള ചില ഭേദഗതികളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിന് പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ചാലും വനിതാ അംഗങ്ങൾക്ക് തങ്ങളുടെ പദവികളും രാജകുടുംബത്തിലെ സ്ഥാനവും നിലനിർത്താൻ അനുവാദം നൽകും എന്നതാണ് ഇതിൽ പ്രധാനം. എങ്കിലും ലിംഗസമത്വം ഉറപ്പാക്കാൻ സ്ത്രീകൾക്ക് തന്നെ ചക്രവർത്തി പദവി നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ശക്തമായ വാദം.

Content Highlights: The Japanese parliament has approved a proposal allowing the royal family to adopt male relatives from distant lineages to resolve an existential crisis caused by a severe shortage of male heirs and dwindling family membership.