'ഒന്നുകിൽ അവകാശങ്ങൾ നേടും,അല്ലെങ്കിൽ മരണം'; പാക് സൈന്യം പിന്മാറണമെന്ന് പ്രക്ഷോഭകർ, POKയിൽ പ്രതിഷേധം

#ന്യൂസ് ഡെസ്ക്
പാക് അധീന കശ്മീരിൽ നിന്നുള്ള ​ദൃശ്യം | Photo: AP
പാക് അധീന കശ്മീരിൽ നിന്നുള്ള ​ദൃശ്യം | Photo: AP

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ റാവൽക്കോട്ടിൽ സാഹചര്യം ഗുരുതരമാകുന്നു. മേഖലയിലുടനീളമുള്ള ജനങ്ങളോട് കൂട്ടമായി ഒത്തുചേരാൻ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു. ജനകീയ മുന്നേറ്റത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും തങ്ങളുടെ അവകാശങ്ങൾക്കായി നെഞ്ചുവിരിച്ചു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കമ്മിറ്റി കോർ മെമ്പർ ഖാജ മെഹ്റാൻ പറഞ്ഞു.

റാവൽക്കോട്ടിൽ നിലയുറപ്പിച്ചിരിക്കുന്ന പാക് സുരക്ഷാ സേനയോട് ഉടൻ നഗരം വിട്ടുപോകാൻ പ്രക്ഷോഭകർ ആവശ്യപ്പെട്ടു. തങ്ങളുടെ സമരം ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന് എതിരല്ലെന്നും മറിച്ച് മൗലികാവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള നിയമാനുസൃതമായ പോരാട്ടമാണെന്നും ഖാജ മെഹ്റാൻ വ്യക്തമാക്കി. നിയമപരമായ മാർഗങ്ങളിലൂടെ അടിസ്ഥാന അവകാശങ്ങൾക്കായി മാത്രമാണ് തങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നതെന്നും സുരക്ഷാ സേന നഗരം ഒഴിയണമെന്ന സന്ദേശം വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധ റാലികളും വാഹനവ്യൂഹങ്ങളും എത്രയും വേഗം റാവൽക്കോട്ട് നഗരത്തിലേക്ക് കേന്ദ്രീകരിക്കണമെന്ന് മെഹ്റാൻ പ്രതിഷേധക്കാരോട് പറഞ്ഞു. നിലവിൽ റാവൽക്കോട്ടിലെ ഡി-ചൗക്കിന്റെ നിയന്ത്രണം പ്രതിഷേധക്കാർ ഏറ്റെടുത്തതായും ഉടൻ തന്നെ കൂടുതൽ ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നും മെഹ്റാൻ പറഞ്ഞു. അവകാശങ്ങൾ ആവശ്യപ്പെട്ട് യുവത വൻതോതിൽ പ്രക്ഷോഭത്തിൽ പങ്കുചേരുന്നുണ്ട്.

വിവിധ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് മാസമായി ഈ പ്രതിഷേധം തുടരുകയാണ്. അധിനിവേശ കശ്മീരിലെ നിയമസഭയിലെ തർക്കവിഷയമായ 12 സീറ്റുകളെ ചൊല്ലിയാണ് ഈ ജനകീയ പ്രക്ഷോഭം ആളിപ്പടർന്നത്.

Content Highlights: Khawaja Mehran of the JAAC calls for mass mobilisation in Rawalakot, PoK, demanding fundamental rights.