നെതന്യാഹുവിന്റെ രഹസ്യസന്ദർശനം; സ്ഥിരീകരിച്ച് യുഎഇ, ലക്ഷ്യം ആ വാർത്ത നിഷേധിക്കലോ

ദുബായ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സന്ദർശനം സ്ഥിരീകരിച്ച് യുഎഇ. ഞായറാഴ്ച അബുദാബിയിലെത്തിയ നെതന്യാഹുവിനെ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നതിനിടെയായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. രഹസ്യമായിട്ടായിരുന്നു നെതന്യാഹുവിന്റെ സന്ദർശനം.
ബെൻ ഗുറിയോൺ വിമാനത്താവളത്തിൽനിന്ന് സ്വകാര്യ വിമാനത്തിൽ അബുദാബിയിലെത്തിയ നെതന്യാഹു ഏതാനും മണിക്കൂറുകൾ മാത്രമാണ് അവിടെ ചെലവഴിച്ചത്. പിന്നീട് ഇസ്രയേലിലേക്ക് മടങ്ങി. എന്നാൽ, കൂടിക്കാഴ്ചയെപ്പറ്റി ഇരുരാജ്യങ്ങളും ആദ്യഘട്ടത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. അബൂദാബിയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനമെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് 10 ദിവസം മുൻപ് യുഎഇ. ഭരണാധികാരി ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ സന്ദർശനം. ഒക്ടോബറിൽ ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നെതന്യാഹുവിനെ വെട്ടിലാക്കി മുന്നറിയിപ്പ് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. ആ വാർത്ത നിഷേധിക്കാൻ യുഎഇ ഭരണാധികാരിയോട് ആവശ്യപ്പെടുകയായിരുന്നു നെതന്യാഹുവിന്റെ സന്ദർശന ലക്ഷ്യമെന്നാണ് ഇസ്രയേലി വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Content Highlights: Israeli Prime Minister Benjamin Netanyahu made a secret visit to Abu Dhabi., He met with UAE President Sheikh Mohamed bin Zayed Al Nahyan., Discussions focused on strengthening bilateral ties and regional West Asian tensions., The visit follows reports of a pre-warning issued by the UAE prior to the October 7 Hamas attacks.