ഖമനേയിയുടെ എല്ലാ പിൻഗാമികളെയും വേട്ടയാടുമെന്ന് ഇസ്രയേൽ, തിരഞ്ഞെടുക്കുന്നവരെയും വധിക്കും

ജെറുസലേം: ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനേയിയുടെ പിൻഗാമിയായി വരുന്ന ഓരോരുത്തരെയും വേട്ടയാടുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട സമിതിയിലെ അംഗങ്ങളെയും ഇസ്രായേൽ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇറാന്റെ 'അസംബ്ലി ഓഫ് എക്‌സ്‌പെർട്സ്' ഏകദേശ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അലി ഖമനേയിയുടെ മകൻ മൊജ്താബ ഖമനേയി ആകും അടുത്ത പരമോന്നത നേതാവ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ഇറാന്റെ നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പേർഷ്യൻ ഭാഷയിൽ എക്‌സിൽ ഇട്ട പോസ്റ്റിലാണ് ഇറാനിലെ നേതാക്കൾക്ക് ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പുള്ളത്. ഇറാനിലെ അടുത്ത പരമോന്നത നേതാവിന്റെ എല്ലാ പിൻഗാമികളെയും ഐഡിഎഫ് വേട്ടയാടുമെന്ന് ഇതിൽ മുന്നറിയിപ്പ് നൽകുന്നു. 'ഇസ്രായേൽ രാജ്യത്തിന്റെ കൈ എല്ലാ പിൻഗാമികളെയും പിൻഗാമിയെ നിയമിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും പിന്തുടരും എന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു,' പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും മുന്നറിയിപ്പ് നൽകുന്നു, നിങ്ങളെയും ലക്ഷ്യം വെക്കാൻ ഞങ്ങൾ മടിക്കില്ല. ഇതൊരു മുന്നറിയിപ്പാണ്!- എക്‌സ് പോസ്റ്റിൽ പറയുന്നു.
യുദ്ധം കടുത്തതോടെ ഇറാനിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും യുഎസും. ടെഹ്റാനിലെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ടെഹ്റാനിലെ ആകാശത്തിന്റെ നിയന്ത്രണം ഏതാണ്ട് പൂർണ്ണമായും തങ്ങൾക്കാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇതിനിടെ ബയ്‌റൂത്തിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ബയ്‌റൂത്തിലെ ഒരു ഹോട്ടലിൽ തമ്പടിച്ചിരുന്ന ഖുദ്സ് ഫോഴ്സ് കമാൻഡർമാർക്ക് നേരെയാണ് ആക്രമണം നടത്തിയത്.
അതേസമയം ഇറാനെതിരെയുള്ള മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അമേരിക്ക ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഇംഗ്ലണ്ടിലെ ഫെയർഫോർഡ് (Fairford), ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ (Diego Garcia) എന്നീ താവളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇറാൻ വിക്ഷേപിക്കുന്ന മിസൈലുകളെ തടയുന്നതിനാണ് ഈ താവളങ്ങൾ ഉപയോഗിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Content Highlights: Israel vows to hunt down any successor to Ali Khamenei., The IDF threatens members of Iran's Assembly of Experts., Reports suggest Mojtaba Khamenei is the likely successor., US and UK military bases are being used to counter Iranian missile threats., Ongoing Israeli airstrikes in Tehran and Beirut targeting leadership.