തോക്കുകളെ കില്ലിങ് മെഷിനാക്കുന്ന ആര്‍ബെല്‍; ഇന്ത്യന്‍ ബന്ധമുള്ള ആയുധവുമായി ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയില്‍ ഹമാസിനെതിരെ പോരാടാന്‍ ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന തോക്കുകള്‍ക്ക് ഇന്ത്യന്‍ ബന്ധം. ഇസ്രയേല്‍ സൈന്യത്തിന്റെ മെഷിന്‍ ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍ എന്നിവയുടെ കൃത്യതയും പ്രഹരശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യയിലാണ് ഇന്ത്യന്‍ ബന്ധമുള്ളത്. അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന സ്വകാര്യ പ്രതിരോധ കമ്പനിയും ഇസ്രയേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി വികസിപ്പിച്ച ആര്‍ബെല്‍ (ARBEL) എന്ന സംവിധാനമാണ് ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്നത്. ആര്‍ബെല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തോക്കുകളുടെ ഉപയോഗത്തില്‍ കൃത്യതയും നശീകരണശേഷിയും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ ആയുധത്തിലെ ഇന്ത്യന്‍ ബന്ധം റിപ്പോര്‍ട്ട് ചെയ്തത് മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമമാണ്.
ഇസ്രയേല്‍ വികസിപ്പിച്ച ടാവര്‍, കാമല്‍, നാഗേവ് തുടങ്ങിയ തോക്കുകളിലാണ് ആര്‍ബെല്‍ ഉപയോഗിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയ പ്രത്യേക അല്‍ഗരിതമാണ് ആര്‍ബെലിലുള്ളത്. ഇത് തോക്ക് ഉപയോഗിക്കുന്നത് സൈനികര്‍ക്ക് ആയാസരഹിതമാക്കി മാറ്റി. എത്ര പ്രതികൂല സാഹചര്യത്തിലും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനുള്ള സാധ്യതകള്‍ കണക്കുകൂട്ടി തോക്ക് ഉപയോഗിക്കുന്ന ആള്‍ക്ക് നല്‍കും. ഇതുവഴി കൃത്യമായി ലക്ഷ്യം കണ്ടെത്താന്‍ സൈനികര്‍ക്ക് കഴിയുന്നത് എളുപ്പമാക്കി മാറ്റുന്നുണ്ട്.
2022-ലാണ് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന കമ്പനിയും ഇസ്രായേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസിന്റെയും സംയുക്ത സംരംഭം പ്രഖ്യാപിച്ചത്. ആര്‍ബെല്‍ സംവിധാനത്തെപ്പറ്റി അന്ന് മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കംപ്യൂട്ടറൈസ്ഡ് ആയുധ സംവിധാനമാണ് ആര്‍ബെല്‍. ആയുധങ്ങളുടെ ആയാസരഹിതമായ ഉപയോഗം, കൃത്യത, സൈനികരുടെ അതിജീവനം എന്നീകാര്യങ്ങള്‍ മൂന്നുമടങ്ങായി വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.
റീചാര്‍ജ് ചെയ്യാവുന്നതും മാറ്റി ഇടാനാകുന്നതുമായ ബാറ്ററിയിലാണ് ആര്‍ബെല്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റ്, മോഷന്‍, ട്രിഗര്‍ സെന്‍സറുകള്‍ എന്നിവയുണ്ടാകും. മൈക്രോപ്രോസസറാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ണയിക്കുന്നത്. ഇസ്രയേലിന്റെ പക്കലുള്ള ഏത് യന്ത്രത്തോക്കുകളിലും ഇത് ഉപയോഗിക്കാനാകും. പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലേക്ക് കൃത്യമായി നിറയൊഴിക്കാനുള്ള സഹായം സൈനികര്‍ക്ക് ലഭിക്കും.
വളരെ പെട്ടെന്ന് ആയുധം ഉപയോഗിച്ചാലും കൃത്യത കുറയില്ല. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. ഏത് തരത്തിലുള്ള യുദ്ധസാഹചര്യത്തിലും ഫലപ്രദം. തുടങ്ങിയവയാണ് ആര്‍ബെലിനെ വ്യത്യസ്തമാക്കുന്നത്. ആയുധമേഖലയിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തില്‍ ഏറ്റവും പുതിയ കണ്ടുപിടിത്തമാണ് ആര്‍ബെല്‍. ഇന്ത്യയും സമാനമായ സംവിധാനം ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Israeli forces are using an AI weapons system in Gaza co-produced by an Indian defence company