സ്റ്റാർലിങ്ക് ഉപകരണവുമായി സമീപിച്ച് ഇസ്രയേൽ സ്ഥാനപതി, അവഗണിച്ച് ഇറാൻ പ്രതിനിധി; യുഎൻ പൊതുസഭയിൽ നാടകീയത

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോഴുണ്ടായ ഇറങ്ങിപ്പോക്കിനും ബഹളത്തിനുംശേഷം മറ്റൊരു നാടകീയത കൂടി അരങ്ങേറി. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് റിസീവറുമായി യുഎന്നിലെ ഇസ്രയേൽ സ്ഥാനപതി, ഡാനി ഡനോൺ നാസർ അസാദി എന്ന ഇറാൻ നയതന്ത്രജ്ഞന്റെ അടുത്തെത്തി.
'ഞങ്ങൾ ഭരണമാറ്റത്തിനായി പ്രാർത്ഥിക്കുന്നു' എന്നുപറഞ്ഞുകൊണ്ടാണ് ഇറാൻ പ്രതിനിധിയുടെ ഇരിപ്പിടത്തിലേക്ക് ഇസ്രയേൽ സ്ഥാനപതി എത്തിയത്. ഇത് ഇറാനിലേക്ക് കൊണ്ടുപോകൂവെന്നും 'ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ആ ഉപകരണം സഹായിക്കുമെന്നും ഡാനി ഡനോൺ ഇറാൻ പ്രതിനിധിയോട് പറഞ്ഞു.
എന്നാൽ, ഇറാനിയൻ നയതന്ത്രജ്ഞൻ ഇസ്രയേൽ സ്ഥാനപതിയെ കണ്ടതായി പോലും നടിക്കാതെ അവഗണിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യു.എൻ പ്രസംഗത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രദർശിപ്പിച്ച അതേ ഉപകരണമായിരുന്നു ഇത്. ഇറാൻകാർക്ക് ഇന്റർനെറ്റ് സെൻസർഷിപ്പ് മറികടക്കാൻ സ്റ്റാർലിങ്ക് സഹായിക്കുമെന്നും നെതന്യാഹു പ്രസംഗത്തിൽ പറഞ്ഞിരുന്നു.
'പ്രധാനമന്ത്രി നെതന്യാഹു തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയ സ്റ്റാർലിങ്ക് ഉപകരണം ഞാൻ ആയത്തുള്ളമാരുടെ ഭരണകൂടത്തിന്റെ ഒരു പ്രതിനിധിയുടെ അടുക്കൽ എത്തിച്ചു. എന്നാൽ, അത് സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. തങ്ങളുടെ ജനങ്ങളെ അടിച്ചമർത്തുന്നത് തുടരാനാണ് അവർ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു...', ഡാനി ഡനോൺ പിന്നീട് എക്‌സിൽ കുറിച്ചു.
നെതന്യാഹു യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയപ്പോൾ വൻ നാടകീയതകളാണ് അരങ്ങേറിയത്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോകുകയുണ്ടായി. ചില പ്രതിനിധികൾ കൂവി വിളിച്ചു. ഇതോടെ പ്രതികരിച്ച നെതന്യാഹു ധാർമിക ഭീരുക്കളെന്ന് അവരെ വിശേഷിപ്പിച്ചു.
Content Highlights: Israel's UN Ambassador Danny Danon approached an Iranian diplomat with a Starlink satellite internet receiver., The incident happened after Benjamin Netanyahu's dramatic UN General Assembly speech in September 2026., The Iranian diplomat, Nasser Azadi, ignored and refused to accept the Starlink device., Netanyahu highlighted Starlink during his speech to help Iranian citizens bypass internet censorship.