ഇസ്രയേൽ-യുകെ തർക്കം രൂക്ഷം; ഉപരോധത്തിന് പിന്നാലെ ബ്രിട്ടീഷ് കോൺസുലേറ്റിന് പൂട്ട്, എംപിമാർക്ക് വിലക്ക്, ഇടപെടാനില്ലെന്ന് യുഎസ്

#ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണ്‍ഹാമും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും
ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണ്‍ഹാമും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും

ലണ്ടൻ/ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇസ്രയേലും യുകെയും തമ്മിലുള്ള തർക്കം രൂക്ഷമായി. ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ, ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രയേൽ ഉത്തരവിട്ടു.

പലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തിവരുന്ന ആക്രമങ്ങളെ അപലപിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ആണ് ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിൽ പലസ്തീനികളെ വംശീയ ഉന്മൂലനം ചെയ്യുന്നുണ്ടെന്നെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആരോപിച്ചു.

യുകെ അടക്കം 12 രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ സംയുക്ത പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. ഫ്രാൻസ്, കാനഡ, ഡെൻമാർക്ക്, സ്‌പെയിൻ, ഫിൻലാൻഡ്, അയർലൻഡ്, ഐസ്ലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പ്രസ്താവന ഇറക്കിയത്.

പിന്നാലെയാണ് ബ്രിട്ടണെതിരെയുള്ള നടപടികൾ ഇസ്രയേൽ പ്രഖ്യാപിച്ചത്. ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടും, കിര്യത് ഗാറ്റിലുള്ള യുഎസ് പിന്തുണയുള്ള 'ഇന്റർനാഷണൽ ഗാസ സപ്പോർട്ട് സെന്ററി'ൽ നിന്ന് ബ്രിട്ടീഷ് പ്രതിനിധികളെ പുറത്താക്കും, പലസ്തീൻ അതോറിറ്റി സുരക്ഷാ സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്ന ചുമതലയുള്ള റമല്ലയിലെ ബ്രിട്ടീഷ് സഹായ സംഘത്തെ പിരിച്ചുവിടും ഇസ്രായേൽ വിരുദ്ധരായ 12 ബ്രിട്ടീഷ് ജനപ്രതിനിധികൾക്കും പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശനം നിരോധിക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 11 ബ്രിട്ടീഷ് എംപിമാർക്കും ഒരു അഭിഭാഷകനുമാണ് ഇസ്രയേലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്നെടുത്ത തീരുമാനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ ഇസ്രയേൽ-യുകെ തർക്കത്തിൽ ഇടപെടാൻ ഇല്ലെന്ന് യുഎസ് അറിയിച്ചു.

Content Highlights: UK banned imports from illegal West Bank settlements due to ongoing violence and displacement., Israel ordered the closure of the British consulate in Jerusalem in retaliation., Israel banned 12 British citizens, including 11 MPs and a lawyer, from entering the country., 12 nations issued a joint statement against the West Bank settlements.