ഖത്തറിലെ ആക്രമണം; മുന്‍കൂട്ടി അറിയിച്ചെന്ന് US, ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്രയേല്‍

ദോഹയില്‍ ഇസ്രയേല്‍ ആക്രണത്തില്‍ തകര്‍ന്ന കെട്ടിടം
ദോഹയില്‍ ഇസ്രയേല്‍ ആക്രണത്തില്‍ തകര്‍ന്ന കെട്ടിടം

ടെല്‍ അവീവ്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസ് നല്‍കിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ദോഹയിലെ സാഹചര്യം സുരക്ഷിതമെന്നും പൗന്മാര്‍ ആശങ്കപെടേണ്ടെന്നും യുഎസ് എംബസി അറിയിച്ചു.

അതേസമയം ജറുസലേമില്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെയ്പ്പിന്റെ പ്രതികാരമായിട്ടാണ് ഹമാസ് നേതാക്കള്‍ക്കുനേരെ ആക്രമണത്തിന് ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗ്രീന്‍ സിഗ്നല്‍ കാണിച്ചതെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

ദോഹയിലുണ്ടായ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്ന് നേരത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.

'ആറുപേര്‍ കൊല്ലപ്പെട്ട ഇന്നലത്തെ ജറുസലേം ഭീകരാക്രമണത്തിന്റെയും വടക്കന്‍ ഗാസയില്‍ നാല് സൈനികരുടെ മരണത്തിനിടയാക്കിയ ഇസ്രായേലി ടാങ്കിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍, വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണത്തിന് തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിന്റെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞ രാത്രി നിര്‍ദ്ദേശം നല്‍കി' നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് ഉച്ചയോടെ ഒരു 'സൈനിക നടപടിക്കുള്ള അവസരം' തിരിച്ചറിഞ്ഞപ്പോള്‍ ആക്രമണം നടത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒക്ടോബര്‍ 7-ലെ കൂട്ടക്കൊല നടത്തുകയും അത് സംഘടിപ്പിക്കുകയും ചെയ്തത് ഈ ഹമാസ് നേതൃത്വമായതുകൊണ്ട്, ഈ സൈനിക നടപടി പൂര്‍ണ്ണമായും ന്യായീകരിക്കപ്പെട്ടതാണെന്നും ഇസ്രയേല്‍ നേതാക്കള്‍ അറിയിച്ചു.

അതേസമയം ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല. ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ തന്നെയാണ് ആക്രമണം നടന്നതെന്ന് ഖത്തര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേതാക്കള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് ഹമാസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ മുതിര്‍ന്ന നേതാവായ ഖലീല്‍ അല്‍-ഹയ്യ ആയിരുന്നുവെന്നാണ് വിവരം. നേതാക്കളായിരുന്ന ഇസ്മായില്‍ ഹനിയ്യ, യഹ്യ സിന്‍വാര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അല്‍-ഹയ്യ ഹമാസ് നേതൃത്വത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
മുഖ്യ മധ്യസ്ഥനെന്ന നിലയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ദോഹയില്‍ ഗാസയുടെ കാര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തിക്കുന്നതും  ഖലീല്‍ അല്‍-ഹയ്യ ആയിരുന്നു.

1960-ല്‍ ഗാസയില്‍ ജനിച്ച അല്‍-ഹയ്യ, 1987-ല്‍ സംഘടന രൂപീകൃതമായ കാലം മുതല്‍ ഹമാസിന്റെ ഭാഗമാണ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ മകനുള്‍പ്പെടെ നിരവധി കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.

Content Highlights: Israel Informs US Before Airstrike on Hamas Leaders in Doha, Qatar