ഇറാനെ നിരീക്ഷിക്കാൻ അസർബൈജാനിൽ ഇസ്രയേൽ രഹസ്യ സൈനികകേന്ദ്രം സ്ഥാപിച്ചതായി റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷത്തിനിടെ ഇറാന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഇസ്രയേൽ അസർബൈജാൻ അതിർത്തിയിൽ രഹസ്യ സൈനിക ശൃംഖല സ്ഥാപിച്ചതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ സ്‌പെഷ്യൽ ഫോഴ്‌സ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ഡ്രോൺ യൂണിറ്റുകൾ എന്നിവരെ ഇറാന്റെ വടക്കൻ അതിർത്തിക്ക് സമീപം അസർബൈജാനിൽ വിന്യസിച്ചിട്ടുണ്ട്. ഇറാനിലെ തബ്രിസ് നഗരത്തിൽനിന്ന് വെറും 97 കിലോമീറ്റർ അകലെയുള്ള ദക്ഷിണ അസർബൈജാനിലെ കേന്ദ്രങ്ങളിൽനിന്നാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽ ലക്ഷ്യമിട്ടുള്ള മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിനും ഇറാന്റെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി മാസങ്ങൾക്ക് മുമ്പുതന്നെ ഇവിടെ അത്യാധുനിക നിരീക്ഷണ ഉപകരണങ്ങങ്ങൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.

അസർബൈജാൻ കൂടാതെ ഇറാഖ്, യുഎഇ, സോമാലിലാന്റ് എന്നിവിടങ്ങളിലും ഇസ്രായേൽ ഇത്തരത്തിൽ സൈനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇറാന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് അതിർത്തികളെ വലയംചെയ്യുന്ന രീതിയിലുള്ള ഒരു ശൃംഖലയാണ് ഇതിലൂടെ ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഇറാനിൽനിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇയിൽ ഇസ്രായേൽ 'അയൺ ഡോം' വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ഈ ആരോപണങ്ങൾ അസർബൈജാൻ പൂർണമായും തള്ളി. തങ്ങളുടെ ഭൂപ്രദേശം മൂന്നാമതൊരു രാജ്യത്തിനെതിരായ നീക്കങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎസിലെ അസർബൈജാൻ എംബസി വ്യക്തമാക്കി. ഇറാഖും യുഎഇയും തങ്ങളുടെ രാജ്യങ്ങളിൽ അനധികൃതമായി ഇസ്രയേൽ സൈനിക താവളങ്ങളോ സേനയോ ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്.