മാസങ്ങൾ നീണ്ട രഹസ്യ ഗൂഢാലോചന; ഖമനേയിയെ വധിക്കാൻ നെതന്യാഹു പദ്ധതിയിട്ടത് നവംബറിൽ

ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കുന്നതിന് നവംബർ മുതൽ ഇസ്രയേൽ ആസൂത്രണം ആരംഭിച്ചിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. 2025 നവംബർ മുതൽ തന്നെ ഖമനേയിയെ വധിക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യ പദ്ധതികൾ തയ്യാറാക്കിയിരുന്നുവെന്ന് അദ്ദേഹം ഇസ്രയേലിന്റെ എൻ12 ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആദ്യഘട്ടത്തിൽ 2026 പകുതിയോടെ ഈ ദൗത്യം നടപ്പിലാക്കാനായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നത്. അമേരിക്കയെപ്പോലും അറിയിക്കാതെ ഒറ്റയ്ക്ക് ഈ നീക്കം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ശക്തമായ ഭരണവിരുദ്ധ പ്രതിഷേധങ്ങൾ ദൗത്യത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ കാരണമായി. ഈ അനുകൂല സാഹചര്യത്തിലാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് അതിശക്തമായ സൈനിക നീക്കത്തിന് ഇറാനിൽ തുടക്കം കുറിച്ചതെന്ന് കാറ്റ്സ് വ്യക്തമാക്കി.
ആയിരക്കണക്കിന് പ്രതിഷേധക്കാർ ഖമനേയി ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയത് ഇസ്രായേലിനെയും അമേരിക്കയെയും ഒരുപോലെ അത്ഭുതപ്പെടുത്തി. ഈ സാഹചര്യത്തിൽ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ പുതിയ ചർച്ചകൾ ആരംഭിക്കുകയും സംയുക്ത സൈനിക നീക്കത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
ആഭ്യന്തര പ്രതിഷേധങ്ങൾ കാരണം വലിയ സമ്മർദ്ദത്തിലായ ഇറാൻ ഭരണകൂടം ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ സൈന്യത്തിനും എതിരെ മുൻകൂർ മിസൈൽ ആക്രമണം നടത്തിയേക്കുമെന്ന ഭയമാണ് ഈ സൈനിക നീക്കം വേഗത്തിലാക്കാൻ പ്രേരിപ്പിച്ചതെന്നും കാറ്റ്സ് പറഞ്ഞു. ഇതോടെ ഇരുരാജ്യങ്ങളും ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു. ഇറാനിയൻ നേതൃത്വത്തെ പൂർണ്ണമായും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം വേഗത്തിൽ പൂർത്തിയാക്കിയത്. പ്രസിഡന്റ് ട്രംപുമായി ഇത്തരമൊരു സഹകരണം ഉണ്ടാക്കാൻ ലോകത്ത് ബെഞ്ചമിൻ നെതന്യാഹുവിനു മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പുകഴ്ത്തി.
Content Highlights: Israel's Defense Minister reveals a long-standing plan to assassinate Iran's Khamenei, accelerated by protests and US cooperation.