ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രയേല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് മന്ത്രി,നിഷേധിച്ച് ഇറാന്‍

വെടിനിര്‍ത്തലിന് മുമ്പായി ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ |ഫോട്ടോ:AP
വെടിനിര്‍ത്തലിന് മുമ്പായി ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ |ഫോട്ടോ:AP

ടെല്‍ അവീവ്: ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനം നടന്നതായി ആരോപണം. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ മിസൈലാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു. ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കി. 

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു. അതേസമയം ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ന് രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ഇസ്രയേല്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടുണ്ടായിരുന്നില്ല.

വെടിനിര്‍ത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെട്ടിട്ടുള്ളത് ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതം അറിയിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഖത്തറിന്റെ പേര് ട്രംപ് പരാമര്‍ശിച്ചിട്ടില്ല.

Content Highlights: Israel defence minister accuses Iran of violating ceasefire and orders ‘powerful strikes’ on Tehran