സമ്പൂർണ സൈനിക പിന്മാറ്റത്തിന് തയ്യാറാകാതെ ഇസ്രയേൽ; അഭയാർഥി ക്യാമ്പുകളിൽ ദുരിതം പേറി ഗാസ ജനത

പലസ്തീൻ അഭയാർഥികൾക്കായി മധ്യ ഗാസ മുനമ്പിലെ നുസൈറാത്ത് ക്യാമ്പിൽ ഭക്ഷണം സ്വീകരിക്കുന്ന പലസ്തീൻ ജനങ്ങൾ | Photo: Eyad Baba / AFP
പലസ്തീൻ അഭയാർഥികൾക്കായി മധ്യ ഗാസ മുനമ്പിലെ നുസൈറാത്ത് ക്യാമ്പിൽ ഭക്ഷണം സ്വീകരിക്കുന്ന പലസ്തീൻ ജനങ്ങൾ | Photo: Eyad Baba / AFP

ടെൽ അവീവ്: ഇസ്രയേലിന്റെ കേൾവികേട്ട ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി ഹമാസ് നടത്തിയ ആക്രമണത്തിനും അതിന് മറുപടിയായി ഗാസയിൽ ഇസ്രയേൽ ആരംഭിച്ച കിരാതയുദ്ധത്തിനും മൂന്നാണ്ട് തികഞ്ഞു.

2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ മൂന്നാംവാർഷികത്തിൽ ഇസ്രയേലിൽ അനുസ്മരണച്ചടങ്ങുകൾ നടന്നു. ആക്രമണത്തിൽ 1,200-ലേറെപ്പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ നടത്തിയ തിരിച്ചടി യുദ്ധത്തിൽ ഗാസയിൽ 76,000 പേർക്കാണ് ജീവൻ നഷ്ടമായത്. പതിറ്റാണ്ടുകളെടുത്താലും പുനർനിർമിക്കാനാകാത്തവിധം മുനമ്പ് അപ്പാടേ തകർന്നു. 80 ശതമാനം കെട്ടിടങ്ങളും തരിപ്പണമായി.

യുദ്ധത്തിനിടെ പലകുറി പലായനം ചെയ്യേണ്ടിവന്ന ഭൂരിഭാഗം ഗാസക്കാർക്കും കിടപ്പാടമില്ല. അഭയാർഥികൂടാരങ്ങളിലാണ് കഴിച്ചുകൂട്ടുന്നത്. ഭക്ഷണം, നിർമാണസാമഗ്രികൾ, തൊഴിൽ എന്നിവയ്ക്കെല്ലാം ക്ഷാമം നേരിടുന്നതിനാൽ അന്താരാഷ്ട്രസഹായത്തെ ആശ്രയിക്കുകയേ വഴിയുള്ളൂ.

2025 ഒക്ടോബർ മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ആക്രമണങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ല. ഇസ്രയേൽ സൈന്യം നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽ വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് തുടരുന്നതായി ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു. റാഫ, ജബാലിയ, ബെയ്ത് ഹനൂൻ, ഷുജയ്യ എന്നിവിടങ്ങളിൽ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഗാസയുടെ 60 ശതമാനം തങ്ങളുടെ നിയന്ത്രണത്തിലാണെന്നു പറയുന്നു ഇസ്രയേൽ.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസാ സമാധാന പദ്ധതിപ്രകാരം വെടിനിർത്തലിന്റെ രണ്ടാംഘട്ടം നടപ്പാകേണ്ട സമയം അതിക്രമിച്ചു. ഹമാസിന്റെ നിരായുധീകരണവും ഇസ്രയേലിന്റെ സേനാ പിന്മാറ്റവുമാണ് ഈ ഘട്ടം. നിരായുധീകരണത്തിന് ഹമാസ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സമ്പൂർണ സൈനികപിന്മാറ്റത്തിന് ഇസ്രയേൽ തയ്യാറാകാത്തതിനാൽ ട്രംപ് രൂപവത്കരിച്ച ബോർഡ് ഓഫ് പീസിന് ഗാസയുടെ പുനർനിർമാണപ്രവർത്തനം ആരംഭിക്കാനായിട്ടില്ല. യുദ്ധം ഗാസയ്ക്കും ഇസ്രയേലിനും പുറമേ ലെബനൻ, സിറിയ, യെമൻ, ഇറാൻ എന്നിവിടങ്ങളിലേക്കും സംഘർഷം വ്യാപിക്കാൻ കാരണമായി.

തിരഞ്ഞെടുപ്പുകാലത്തെ ഇസ്രയേൽ

ഇസ്രയേലിൽ ഒക്ടോബർ 27-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാവീഴ്ച തന്നെയാണ് പ്രധാന ചർച്ചാവിഷയം. ഹമാസ് ആക്രമണസാധ്യത സംബന്ധിച്ച് യു.എ.ഇ. ഭരണാധികാരി നേരിട്ട് മുന്നറിയിപ്പുനൽകിയിട്ടും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അത് അവഗണിച്ചെന്ന ഈയിടെപുറത്തുവന്ന റിപ്പോർട്ടാണ് രോഷത്തിനാധാരം. ഗാസയിൽത്തുടങ്ങി ലെബനനിലേക്കും ഇറാനിലേക്കും യുദ്ധം വ്യാപിപ്പിച്ച നെതന്യാഹു സർക്കാരിനെതിരേ ആഭ്യന്തര എതിർപ്പു ശക്തമായതിനാൽ തിരഞ്ഞെടുപ്പിൽ കാലിടറുമെന്നാണ് സൂചന.

Content Highlights: The Israel-Hamas war completes three years, leaving Gaza devastated and putting Prime Minister Benjamin Netanyahu under immense political pressure ahead of elections.