നെതന്യാഹുവിന്റെ നയങ്ങൾ തിരുത്താൻ ഐസൻകോട്ട്; ഒക്ടോബർ 7 ആക്രമണത്തിൽ ഔദ്യോഗിക അന്വേഷണം, അവസരം കാത്ത് നെതന്യാഹു

ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ദീർഘകാലഭരണത്തിന് അന്ത്യം കുറിക്കാനുള്ള നീക്കവുമായി ഇസ്രയേലിൽ പുതിയ പാർലമെന്റ് അധികാരമേറ്റു. സർക്കാർ രൂപവത്കരിക്കാൻ നിയോഗിക്കപ്പെട്ട മുൻ സൈനികമേധാവിയും യാഷർ പാർട്ടി അധ്യക്ഷനുമായ ഗാദി ഐസൻകോട്ട്, നെതന്യാഹു സർക്കാരിന്റെ വിവാദനയങ്ങൾ തിരുത്തുമെന്ന് പ്രഖ്യാപിച്ചു. പുതിയ നെസറ്റിൽ നെതന്യാഹു വിരുദ്ധർക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ഐസൻകോട്ടിന് സഖ്യസർക്കാരുണ്ടാക്കാനാകുമോ എന്നത് വ്യക്തമല്ല. 19 സീറ്റുള്ള അറബ് പാർട്ടികളെ ചേർത്ത് സർക്കാരുണ്ടാക്കുന്നതിൽ പ്രതിപക്ഷത്തെ ജൂതപാർട്ടികൾക്കുള്ള എതിർപ്പാണ് പ്രധാനകാരണം.
സർക്കാരുണ്ടാക്കാൻ ആറാഴ്ച സമയമാണുള്ളത്. അതിനുമുൻപുതന്നെ പാർലമെന്റിന്റെ നിയന്ത്രണം ഉറപ്പാക്കാനാണ് ഐസൻകോട്ട് സഖ്യത്തിന്റെ ശ്രമം.
നെതന്യാഹുവിന്റെ പിന്തുണയുള്ള പാർലമെന്റ് സ്പീക്കർ അമീർ ഒഹാനയെ മാറ്റാനുള്ള നടപടികൾക്ക് അവർ തുടക്കമിട്ടു. പകരം, യാഷർ നേതാവ് മതൻ കഹാനയെ നിർദേശിച്ചു. നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരുന്നുണ്ടെങ്കിലും പുതിയപാർലമെന്റിന് നിയമനിർമാണനടപടികൾ ആരംഭിക്കാം. ഐസൻകോട്ടിന് സർക്കാരുണ്ടാക്കാനായില്ലെങ്കിൽ നെതന്യാഹുവിന് പ്രസിഡന്റ് ഐസക് ഹെർസോഗ് വീണ്ടും അവസരം നൽകിയേക്കും.
ഐസൻകോട്ടിന്റെ പ്രധാന അജൻഡകൾ
1. ഒക്ടോബർ ഏഴ് ആക്രമണത്തിൽ ഔദ്യോഗിക അന്വേഷണം 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ചകളും നെതന്യാഹുസർക്കാരിന്റെ ഉത്തരവാദിത്വവും പരിശോധിക്കാൻ അന്വേഷണകമ്മിഷൻ
2. പ്രധാനമന്ത്രിക്ക് കാലപരിധി: ദീർഘകാല അധികാരകേന്ദ്രീകരണം ഒഴിവാക്കുന്നതിനായി ഒരാൾക്ക് പ്രധാനമന്ത്രിപദത്തിൽ തുടരാവുന്ന കാലാവധിക്ക് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമാണം
3. ജുഡീഷ്യൽ പരിഷ്കാരങ്ങൾ റദ്ദാക്കൽ ജുഡീഷ്യറിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ നെതന്യാഹു സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ പിൻവലിച്ച് കോടതികളുടെ സ്വതന്ത്രാധികാരം പുനഃസ്ഥാപിക്കും
4. വിശാല സർക്കാർ: ഒരു പ്രത്യേക രാഷ്ട്രീയവിഭാഗത്തിനുവേണ്ടിയല്ല, വോട്ടുചെയ്തവരെയും ചെയ്യാത്തവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപവത്കരിക്കും. അറബ് പാർട്ടികളുടെ പിന്തുണയും ചില നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കാമെന്നാണ് നിലപാട്
അറബ് പാർട്ടികളുടെ പിന്തുണയിൽ തർക്കം
അറബ് പാർട്ടികളെ വിശ്വസിക്കാനാകില്ലെന്നും ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പിനെ എതിർക്കുന്നവരുടെ പിന്തുണയിൽ സർക്കാർ രൂപവത്കരിക്കരുതെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ഭീഷണി നേരിടാൻ ജൂതപാർട്ടികൾ ഒന്നിച്ചുള്ള ഐക്യസർക്കാരാണ് വേണ്ടതെന്നും പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ പ്രസംഗത്തെ വിദ്വേഷവും ഭിന്നിപ്പും വളർത്തുന്നതെന്ന് വിശേഷിപ്പിച്ച ഐസൻകോട്ട്, നെതന്യാഹു ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന നിലപാടെടുത്തു. പിന്നാലെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുമായി ബുധനാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കി.
Content Highlights: Israel's new parliament, led by Gadi Eisenkot, aims to end Netanyahu's long rule, facing challenges in forming a coalition government.