ഇസ്രയേലുകാരോട് നെതന്യാഹുവിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ട് ട്രംപ്; ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രസിഡന്റ്

#ന്യൂസ് ഡെസ്ക്
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് | Photo: അത്തില കിസ്ബെനെഡെക് / എ.എഫ്.പി.
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് | Photo: അത്തില കിസ്ബെനെഡെക് / എ.എഫ്.പി.

ജെറുസലേം: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുശേഷം ഇസ്രയേലിനെ ആര് നയിക്കണമെന്ന തീരുമാനമെടുക്കുന്നതിൽ യാതൊരു വിധ ബാഹ്യസമ്മർദങ്ങൾക്കും വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. രാജ്യത്ത് സർക്കാരുണ്ടാക്കാൻ പാർലമെന്റ് അംഗത്തെ ക്ഷണിക്കേണ്ട ചുമതല പ്രസിഡന്റായ ഹെർസോഗിനാണ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ലിക്വിഡ് പാർട്ടി നയിക്കുന്ന സഖ്യത്തിനും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാമതും പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു അമേരിക്കൻ മാധ്യമത്തോട് സംസാരിക്കവേയാണ് ട്രംപിൽ നിന്നുള്ള സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഹെർസോഗ് വ്യക്തമാക്കിയത്. ‘യു.എസ്. പ്രസിഡന്റിനോ മറ്റാർക്കെങ്കിലുമോ എന്റെ വിവേചനാധികാരത്തിൽ ഇടപെടാനാകില്ല. ചില യാഥാർഥ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം തീരുമാനം കൈക്കൊള്ളേണ്ടത്. ആ യാഥാർഥ്യങ്ങൾ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളിൽ കാണാം. എന്തുതന്നെയായാലും വലിയ രീതിയിലുള്ള സമ്മർദങ്ങൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.’- അദ്ദേഹം പറഞ്ഞു. ട്രംപിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹവുമായുള്ള ഏതൊരു സംഭാഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ അന്തിമ തീരുമാനം പൂർണമായും തന്റേത് മാത്രമായിരിക്കുമെന്നും ഹെർസോഗ് കൂട്ടിച്ചേർത്തു.

നേരത്തെ, തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ നെതന്യാഹു മികച്ചൊരു പോരാളിയായ പ്രധാനമന്ത്രിയായിരുന്നു എന്നത് ഓർക്കുക! പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹുവിന് വോട്ട് ചെയ്യുക, നാം ആരംഭിച്ച ജോലി പൂർത്തിയാക്കേണ്ടതുണ്ട്’ എന്ന് ട്രംപ് പ്രസ്താവിച്ചു. ട്രംപിന്റെ ഈ പോസ്റ്റ് നെതന്യാഹു തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ ട്രംപിന്റെ പിന്തുണ ഉയർത്തിക്കാട്ടി തന്റെ സഖ്യം അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യം വലിയ ഭീഷണി നേരിടേണ്ടി വരുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. തനിക്കല്ലാതെ മറ്റാർക്കെങ്കിലും വോട്ട് ചെയ്യുന്നത് ഇസ്രയേലികളെ രണ്ടാം വംശഹത്യയിലേക്ക് തള്ളിവിടുമെന്ന് അഭിപ്രായപ്പെട്ടു.

Content Highlights: Israeli President Isaac Herzog affirmed that deciding Israel's post-election leadership will remain free from external pressure, despite U.S. President Donald Trump's endorsement of Prime Minister Benjamin Netanyahu.