ഗാസയിലേക്ക് സഹായവുമായെത്തിയ ബോട്ടുകൾ തടഞ്ഞ് ഇസ്രയേല്‍; ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു

ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ കപ്പലുകൾ, ഗ്രെറ്റ ഇസ്രയേലി സൈന്യത്തിന്റെ കസ്റ്റഡിയില്‍ |ഫോട്ടോ:AFP
ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ കപ്പലുകൾ, ഗ്രെറ്റ ഇസ്രയേലി സൈന്യത്തിന്റെ കസ്റ്റഡിയില്‍ |ഫോട്ടോ:AFP

ടെല്‍ അവീവ്: ഗാസയിലേക്ക് സഹായവുമായി പോയ ബോട്ടുകളുടെ  വ്യൂഹത്തെ ഇസ്രായേലി നാവികസേന തടഞ്ഞു. സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ (ജിഎസ്എഫ്) ഭാഗമായ നിരവധി ബോട്ടുകൾ 'സുരക്ഷിതമായി തടഞ്ഞുനിര്‍ത്തി'യെന്നും, അതിലുണ്ടായിരുന്നവരെ ഇസ്രായേലി തുറമുഖത്തേക്ക് മാറ്റുകയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബോട്ടുകൾ സംഘര്‍ഷമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നതിനാല്‍, അവയോട് ഗതിമാറി സഞ്ചരിക്കാന്‍ നാവികസേന ആവശ്യപ്പെട്ടിരുന്നതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലി സൈന്യം ബോട്ടിന്റെ ഡെക്കിലിരിക്കുന്ന ത്യുന്‍ബെയ്ക്ക് വെള്ളവും ജാക്കറ്റും കൈമാറുന്നതിന്റെ ദൃശ്യങ്ങളും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.

അതേസമയം ഈ നടപടി നിയമവിരുദ്ധവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പ്രവൃത്തിയുമാണെന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല അധികൃതര്‍ വിശേഷിപ്പിച്ചു.

പായ്ക്കപ്പലുകളും ബോട്ടുകളുമുപയോഗിച്ച് ഗാസയിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടനയാണ് ജിഎസ്എഫ്.

ഫ്‌ളോട്ടില്ലയിലെ ഒരു കപ്പലിനെ കടലില്‍ വെച്ച് മനഃപൂര്‍വം ഇടിച്ചു എന്നും മറ്റ് ബോട്ടുകള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചുവെന്നും സംഘം ആരോപിച്ചു.

ഗാസ പട്ടിണിയിലും ഒറ്റപ്പെടലിലും തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അധിനിവേശ ശക്തി ഏതറ്റം വരെയും പോകുമെന്ന് ഇത് വ്യക്തമാക്കുന്നു എന്നും ജിഎസ്എഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

44 യാനങ്ങളാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായി ഉണ്ടായിരുന്നത്. ഇവയെല്ലാം ഇസ്രയേല്‍ തടഞ്ഞതായി വിവരമില്ല.

ഗ്രെറ്റയും സുഹൃത്തുക്കളും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് വ്യക്തമാക്കിയ ഇസ്രയേല്‍ ജിഎസ്എഫിന്റെ നീക്കം പ്രകോപനമാണെന്നും വിശേഷിപ്പിച്ചു.

സംഘത്തിന്റെ പ്രധാന ബോട്ടുകളായ അല്‍മ, സൂരിയസ്, അഡാറ എന്നിവയുള്‍പ്പെടെ നിരവധി ബോട്ടുകള്‍ തടഞ്ഞുനിര്‍ത്തി അവയിൽ  സൈന്യം പ്രവേശിച്ചതായി ജിഎസ്എഫ് പറഞ്ഞു.

അപകട സന്ദേശങ്ങള്‍ തടയുന്നതിനും നിയമവിരുദ്ധമായി ബോട്ടില്‍ പ്രവേശിക്കുന്നതിനുമായി ലൈവ് സ്ട്രീം തടസ്സപ്പെടുത്താന്‍ വേണ്ടി ഇസ്രായേല്‍ സൈന്യം ഇവയിലെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാക്കിയതായും അവര്‍ ആരോപിച്ചു.

ഗാസന്‍ തീരത്ത് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഇസ്രയേല്‍ നാവികസേന ഫ്‌ളോട്ടില്ലയെ തടഞ്ഞതെന്നും അവര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയോടെ ഇവരുടെ വ്യൂഹം ഗാസയില്‍ എത്തുമെന്നായിരുന്നു സംഘം പ്രതീക്ഷിച്ചിരുന്നത്.

ഇസ്രായേല്‍ ഫ്‌ളോട്ടില്ലയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ഗ്രീസ്, ഇറ്റലി, ടുണീഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു. ഇതിന് പിന്നാലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ഇസ്രായേലി നയതന്ത്രജ്ഞരെയും പുറത്താക്കുകയും, സംഭവത്തെ 'നെതന്യാഹുവിന്റെ അന്താരാഷ്ട്ര കുറ്റകൃത്യം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

2020 മുതല്‍ നിലവിലുള്ള ഇസ്രായേലുമായുള്ള കൊളംബിയയുടെ സ്വതന്ത്ര വ്യാപാര കരാറും പെട്രോ റദ്ദാക്കി. ഫ്‌ളോട്ടില്ലയിലുണ്ടായിരുന്ന രണ്ട് കൊളംബിയക്കാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

Content Highlights: Israeli forces intercept aid flotilla heading to Gaza, detaining Greta Thunberg and others