ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ; കാണാതായ 101 പേർക്കായി തിരച്ചിൽ

കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം മുങ്ങിയ ഇറാൻ യുദ്ധക്കപ്പലായ 'ഐ.ആർ.ഐ.എസ് ഡെന' തകർന്നത് അന്തർവാഹിനി ആക്രമണത്തിലെന്ന് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന നൂറിലധികം പേരെ കാണാതായതായാണ് വിവരം. ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടുപുറത്ത് ബുധനാഴ്ചയാണ് സംഭവം.
ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 101 പേരെ കാണാതായതായും 78 പേർക്ക് പരിക്കേറ്റതായും ശ്രീലങ്കൻ നാവികസേനയെയും പ്രതിരോധ മന്ത്രാലയത്തെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കപ്പലിൽനിന്ന് ലഭിച്ച അപായസന്ദേശത്തെത്തുടർന്ന് ശ്രീലങ്കൻ നാവികസേന ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ സൈന്യം രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതിനിടെ, മേഖലയിൽ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
Content Highlights: An Iranian ship, IRIS, was attacked by a submarine at least 101 people are missing and 78 are wounded