‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കും, നിർദേശം നൽകിക്കഴിഞ്ഞു’–ട്രംപ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ്, ആയത്തുള്ള ഖമേനി | AP
ഡൊണാൾഡ് ട്രംപ്, ആയത്തുള്ള ഖമേനി | AP

വാഷിങ്ടൺ: ഇറാനെതിരായി നിലപാടെടുത്താൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊലപ്പെടുത്തും എന്ന ഭീഷണിക്ക് മറുഭീഷണിയുമായി ട്രംപ്. താൻ കൊല്ലപ്പെട്ടാൽ, അതിന് ഇറാനാണ് ഉത്തരവാദികളെന്ന് കണ്ടെത്തിയാൽ, അവരെ പൂർണമായി നശിപ്പിക്കാൻ നിർദേശം നൽകിയതായി ട്രംപ് വെളിപ്പെടുത്തി. ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനിടയിലാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ.

തനിക്കെതിരെ വധശ്രമം നടന്നാൽ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് ആവർത്തിച്ചു. 'എന്ത് സംഭവിച്ചാലും അവരെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാനുള്ള ശക്തമായ നിർദേശം ഞാൻ നൽകിയിട്ടുണ്ട്.' ന്യൂസ്‌നേഷന്റെ കാറ്റി പാവ്ലിച്ച് ടുനൈറ്റ് എന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു. താൻ വധിക്കപ്പെടാനുള്ള സാധ്യതകളുമായി ഈ നിർദേശം പ്രത്യേകമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ഈ പ്രതികരണങ്ങൾ യുഎസ്-ഇറാൻ ബന്ധത്തിലെ വഷളായ സാഹചര്യങ്ങൾക്ക് ആക്കം കൂട്ടുന്നു. ടെഹ്റാനെതിരെ പരമാവധി സമ്മർദ്ദം പുനഃസ്ഥാപിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കുന്നതിനിടെ അദ്ദേഹം റിപ്പോർട്ടർമാരോട് പറഞ്ഞു, 'അങ്ങനെ സംഭവിച്ചാൽ, ഒന്നും അവശേഷിക്കില്ല. എന്റെ നിർദ്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട് - അവർ ആ നിർദേശങ്ങൾ അനുസരിച്ചാൽ, പിന്നെ ഒന്നും അവശേഷിക്കില്ല.'

യുഎസ് ഭരണഘടന പ്രകാരം, പ്രസിഡന്റ് വധിക്കപ്പെട്ടാൽ വൈസ് പ്രസിഡന്റ്  പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. എന്നാൽ മുൻഗാമിയുടെ ഏതെങ്കിലും നിർദ്ദേശങ്ങളിൽ അദ്ദേഹത്തിന് നിയമപരമായി ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിയെ ലക്ഷ്യമാക്കി ഏതെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിനെതിരെ ടെഹ്റാൻ ചൊവ്വാഴ്ച യുഎസ് പ്രസിഡന്റിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഖമീനിയുടെ നാല് പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിക്കണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. 'നമ്മുടെ നേതാവിനെതിരെ ഏതെങ്കിലും തരത്തിലുള്ള അധിനിവേശം ഉണ്ടായാൽ, ഞങ്ങൾ ആ കൈ വെട്ടിമാറ്റുക മാത്രമല്ല, അവരുടെ ലോകം ഞങ്ങൾ കത്തിച്ചുകളയുകയും ചെയ്യുമെന്ന് ട്രംപിന് അറിയാം.' ഇറാനിയൻ സായുധ സേനയെ പ്രതിനിധീകരിച്ച് അബോൾഫാസ്ൽ ഷെകാർച്ചി പറഞ്ഞു. 

Content Highlights: President Trump issues stark warning to Iran, vowing total destruction if he`s assassinated. Learn about the escalating US-Iran tensions and potential consequences.