ആകാശത്തുവെച്ച് പലതായി ചിതറും, അയൺഡോമിനെ വെട്ടിക്കാൻ മിടുക്ക്; ഇറാൻ തൊടുത്തത് ഖൊറംഷഹർ മിസൈൽ?

ഇറാൻ സ്ഥലം വെളിപ്പെടുത്താത്ത ഇടത്ത് ഖൊറംഷഹർ മിസൈൽ പരീക്ഷണം നടത്തുന്നു | AFP
ഇറാൻ സ്ഥലം വെളിപ്പെടുത്താത്ത ഇടത്ത് ഖൊറംഷഹർ മിസൈൽ പരീക്ഷണം നടത്തുന്നു | AFP

ടെഹ്‌റാന്‍: യുഎസ് ബോംബാക്രമണത്തിനു പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് തങ്ങളുടെ ഏറ്റവും വലിയ മിസൈലെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ഏറ്റവും വലിയ മിസൈല്‍ എന്ന് കരുതപ്പെടുന്ന ഖൊറംഷഹര്‍-4 മിസൈലാണ് ഇറാനിയന്‍ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലുള്ളതെന്നാണ് സൂചന. ഞായറാഴ്ച നടത്തിയ ആക്രമണത്തിന് ഈ മിസൈല്‍ ഉപയോഗിച്ചതായി ഇറാന്‍ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഖൊറംഷഹര്‍-4 ഉള്‍പ്പെടെ നാല്‍പ്പതോളം മിസൈലുകള്‍ ഇറാന്‍ ഞായറാഴ്ച രാവിലെ ഇസ്രയേല്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചില മിസൈലുകള്‍ ഇസ്രയേലില്‍ ശക്തമായ പ്രഹരം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെയും ഒട്ടേറെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടെല്‍ അവീവിലെ ഒരു സിവിലിയന്‍ പ്രദേശം, ഷോപ്പിങ് സെന്റര്‍, ബാങ്ക്, സലൂണ്‍ എന്നിവയുള്‍പ്പെടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. 

ഖൊറംഷഹര്‍ മിസൈല്‍
ഇറാന്‍ തൊടുത്ത ഖൊറംഷഹര്‍-4 മിസൈലിന് 2,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്നാണ് പറയപ്പെടുന്നത്. 1,500 കിലോയോളം സ്‌ഫോടനസാമഗ്രികള്‍ വഹിക്കാനുള്ള ശേഷിയുണ്ട് ഇതിന്. 1980-കളില്‍ ഇറാന്‍-ഇറാഖ് യുദ്ധം നടന്നപ്പോള്‍ കനത്ത പോരാട്ടത്തിന് വേദിയായ ഖൊറംഷഹര്‍ നഗരത്തോടുള്ള ആദരസൂചകമായാണ് മിസൈലിന് ഈ പേരിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2017-ലാണ് ഈ മിസൈല്‍ അവതരിപ്പിച്ചത്. 2019-ല്‍ ഇത് പരിഷ്‌കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ കൊറിയയില്‍നിന്ന് മുന്‍പ് ഇറാൻ വാങ്ങിയ HS10/BM 25 മിസൈലിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വര്‍ഷങ്ങളായി ഇറാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളില്‍ പ്രധാനപ്പെട്ടതാണിത്.  

സ്‌ഫോടനസാമഗ്രികളുമായി ഇറാനില്‍നിന്ന് വിക്ഷേപിക്കപ്പെടുന്ന ഖൊറംഷഹര്‍-4 ഇസ്രയേലിന്റെ ആകാശത്ത്, ഏതാണ്ട് ഏഴ് കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് നിരവധി ഭാഗങ്ങളായി ചിതറും. ഇവ 16 കിലോമീറ്റര്‍വരെ ചുറ്റളവിലേക്ക് പൊടുന്നനെ വ്യാപിക്കും. ഇവയില്‍ ഓരോന്നിലും കിലോകണക്കിന് ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരിക്കും. പലതായി ചിതറുന്നതിനാൽ ഇവയെ പ്രതിരോധിക്കുക പ്രയാസമാണ്. അയണ്‍ ഡോം പ്രതിരോധത്തെ മറികടക്കാൻ ഇവയ്ക്ക് കഴിയുന്നതും ഇതുകൊണ്ടാണ്.

Content Highlights: iran uses khorramshahr-4 missile