ഗൾഫിലെ എല്ലാ സൈനിക താവളങ്ങളും അടച്ചുപൂട്ടണം, ഹോർമുസിന്റെ നിയന്ത്രണം വേണം; നിബന്ധനയുമായി ഇറാൻ

#ന്യൂസ് ഡെസ്ക്
മൊജ്താബ ഖമനേയി, ഡൊണാൾഡ് ട്രംപ് | Photo: AFP
മൊജ്താബ ഖമനേയി, ഡൊണാൾഡ് ട്രംപ് | Photo: AFP

ടെഹ്‌റാൻ: വെടിനിർത്തൽ നടപ്പാക്കാൻ യുഎസിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും പൂർണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇതിൽ പ്രധാനം. ഇറാൻ ഭീഷണിയായി കാണുന്നതാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച യുഎസിന്റെ നടപടിയോടുള്ള പ്രതികരണമായാണ് ഇറാൻ ചർച്ചാ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസിന്റെ പൂർണ നിയന്ത്രണം വേണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്.

ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുക, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ടുവെച്ച മറ്റ് നിർദേശങ്ങൾ. ഇതിനോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഹോർമുസിന്റെ നിയന്ത്രണം ഇറാന് വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് യുഎസ് തയ്യാറായേക്കില്ലെന്നാണ് വിവരം. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി നിർത്തിവെയ്ക്കാൻ ഇസ്രയേൽ തയ്യാറാകുമോയെന്നും കണ്ടറിയണം.

വെടിനിർത്തൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആണ് കർക്കശമായ ആവശ്യങ്ങൾ മുന്നോട്ട് വെക്കാൻ നേതൃത്വം നൽകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, പുറമേക്ക് ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളയുമ്പോഴും ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്ക് നിർത്തിവെക്കണമെന്നാണ് ഇറാന് മുന്നിൽ യുഎസ് വെച്ചിരിക്കുന്ന പ്രധാന നിർദേശം. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കുകയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പരിശോധനകൾ അനുവദിക്കുകയും ചെയ്യുക. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഗ്രൂപ്പുകൾക്കുള്ള ധനസഹായം നിർത്തലാക്കുക തുടങ്ങിയ കർശന നിബന്ധനകളാണ് യുഎസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ സമ്മർദ്ദത്തെ മറികടക്കാനാണ് ഇറാനും കർശനമായ ആവശ്യങ്ങളുന്നയിച്ചിരിക്കുന്നത്. ഇരുവിഭാഗവും കർശനമായ നിലപാടുകൾ തുടരുന്നത് ചർച്ചകളുടെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നു. അതിനാൽ വെടിനിർത്തൽ കരാറിലേക്കെത്തുന്നത് കഠിനമായിരിക്കുമെന്നാണ് സൂചന.

Content Highlights: Iran demands closure of all US military bases in the Gulf region., Request for full control over the Strait of Hormuz and transit fees., Call for lifting all economic sanctions and reparations for war damages., US proposal focuses on halting ballistic missile programs and proxy funding., Negotiations remain stalled due to rigid stances from both nations.