യുഎസിനെതിരേ ‘സാമ്പത്തികയുദ്ധ’ഭീഷണിയുമായി ഇറാൻ; പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കുമെന്ന് മുന്നറിയിപ്പ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കയ്റോ: യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ ഗൾഫിൽ ഉടൻ പുതിയ നിയന്ത്രിത സമുദ്രമേഖല പ്രഖ്യാപിക്കുമെന്നും അത് അമേരിക്കയുടെ നാവികഉപരോധ പരിധിയിലേക്ക് വ്യാപിപ്പിക്കുമെന്നും ഇറാന്റെ പരമോന്നത സുരക്ഷാസമിതി സെക്രട്ടറി മൊഹ്സിൻ റെസായ് പറഞ്ഞു.

ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന യു.എസ്. കപ്പലുകളെ ഇറാൻ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. ഹോർമുസ് കടിലിടുക്കിലൂടെ കപ്പൽനീക്കത്തിനുള്ള പുതിയ ഇടനാഴിയുടെ ഭൂപടം ഉടൻ പുറത്തുവിടുമെന്നും അറിയിച്ചു. ഇറാനെ സാമ്പത്തികമായി ഞെരുക്കുക ലക്ഷ്യമിട്ട് ഇക്കണോമിക് ഡി-ഡേ എന്ന പേരിൽ യു.എസ്. കടുത്ത സാമ്പത്തിക ഉപരോധന നടപടികൾ പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ യുദ്ധക്കപ്പലുകളോടും സൈനികത്താവളങ്ങളോടുമുള്ള പ്രവർത്തനപരമായ സമീപനം ഇറാൻ അടിസ്ഥാനപരമായി പുനഃക്രമീകരിച്ചിരിക്കുകയാണെന്നും റെസായ് വ്യക്തമാക്കി. യു.എസ്. യുദ്ധക്കപ്പലുകൾക്കുനേരെ ഖാസിം ബാസിർ എന്ന പുതിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ആക്രമണത്തിൽനിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ രക്ഷപ്പെട്ടതായി യു.എസ്. സൈന്യം അറിയിച്ചു.

ഹൂതി ആക്രമണം, സൗദിയിൽ 73 പേർക്ക് പരിക്ക്

ഇറാന്റെ പിന്തുണയുള്ള യെമെനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്തി. അബ്ഹ, ജിസാൻ, നജ്റാൻ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ആക്രമണങ്ങളിൽ 73 പേർക്ക് പരിക്കേറ്റു.

ഹൂതികളും യെമനിലെ സൗദി പിന്തുണയുള്ള സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുകയാണെന്ന ആശങ്ക ഉയർന്നു. .

Content Highlights: Iran threatens US economic war and plans to declare a new maritime zone in the Persian Gulf., US ships entering the specified zone will be placed on Iran's embargo list., Houthi rebel attacks on civilian and economic targets in Saudi Arabia injured 73 people., Tensions escalate in the Middle East as conflicts involving Iran, Houthis, and Saudi Arabia intensify.