ലബനനിലെ സൈനികനടപടി നിർത്തിയില്ലെങ്കിൽ ടെൽ അവീവ് ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

#ന്യൂസ് ഡെസ്ക്
ലെബനനിലെ അബ്ബാസിയയിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്ന ഒരു കെട്ടിടത്തിൽ നിന്ന് ഒരു തീഗോളം ഉയരുന്നു| Photo by Kawnat HAJU / AFP
ലെബനനിലെ അബ്ബാസിയയിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്ന ഒരു കെട്ടിടത്തിൽ നിന്ന് ഒരു തീഗോളം ഉയരുന്നു| Photo by Kawnat HAJU / AFP

ന്യൂഡൽഹി: ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രയേൽ നഗരമായ ടെൽ അവീവിനെ ലക്ഷ്യമിടുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം. തെക്കൻ ലബനനിലെ സൈനിക നടപടി നിർത്തിയില്ലെങ്കിൽ, തങ്ങളുടെ മിസൈൽ യൂണിറ്റുകൾ ടെൽ അവീവിൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ താക്കീത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് പ്രഖ്യാപിച്ച വെടിനിർത്തലിനെ ചൊല്ലി ഇസ്രയേലും പാകിസ്താനും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലബനന് ബാധകമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നത് വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. ഇതിനിടെ തെക്കൻ ലബനനിലെ നഗരങ്ങളിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ സൈന്യം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി മുഴക്കി ഇറാൻ രംഗത്ത് വന്നത്.

യുഎസും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതോടെ ബുധനാഴ്ച പുലർച്ചെ മുതൽ ഹിസ്ബുള്ള ഇസ്രയേലിന് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ, കരാറിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഹിസ്ബുള്ള ഉടൻ തന്നെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസങ്ങളിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ ഇതുവരെ 1,500-ലധികം ആളുകൾ കൊല്ലപ്പെട്ടു. ഇതിൽ 130 കുട്ടികളും 100-ലധികം സ്ത്രീകളും ഉൾപ്പെടുന്നു. ഏകദേശം 12 ലക്ഷത്തോളം പേർ വീടുകളിൽനിന്ന് പലായനം ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലബനനിലെ സംഘർഷം കുറഞ്ഞില്ലെങ്കിൽ മേഖലയിൽ വലിയ യുദ്ധത്തിന് സാധ്യതയുണ്ടെന്നാണ് വിദേശകാര്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

Content Highlights: Iran threatens to target Tel Aviv if Israel continues military operations in Lebanon., Controversy exists over whether the 2026 US-brokered ceasefire includes Lebanon., Israel maintains the ceasefire does not apply to their operations against Hezbollah., Over 1.5 million people displaced in Lebanon due to ongoing regional hostilities.